ദേവനന്ദയുടെ ദുരൂഹമരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുടുംബത്തിന്റെയും നാട്ടുകാരുടെയും വേദന കെട്ടടങ്ങുന്നില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വാഭാവിക മുങ്ങി മരണമെന്ന് രേഖപ്പടുത്തിയിട്ടുള്ളതെങ്കിലും ഉറ്റവരും നാട്ടുകാരും ഇത് അപ്പാടെ തള്ളി കളയുന്നു. അടുത്ത വീട്ടില്‍ പോകാന്‍ പോലും അനുവാദം വാങ്ങുന്ന കുട്ടി ഒറ്റയ്ക്ക് അത്രയും ദൂരെ പോകില്ലെന്ന് ദേവനന്ദയുടെ മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നു.
എന്താണ് ആ ദിവസം സംഭവിച്ചത്? മരണത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ? ഉണ്ടെങ്കില്‍ അത് ആര്‍ക്ക് ? മുറ്റത്ത് വെറുതെ ഇറങ്ങുമ്പോള്‍ പോലും ചെരുപ്പ് ധരിക്കാറുള്ള ദേവനന്ദ അത്രയും ദൂരെ പോയപ്പോള്‍ എന്തുകൊണ്ട് ചെരുപ്പ് ധരിച്ചില്ല? ആളുകള്‍ പോലും പകല്‍ സമയങ്ങളില്‍ സഞ്ചരിക്കാന്‍ മടിക്കുന്ന ഇത്രയും വിജനമായ സ്ഥലത്തു കൂടി മിനിറ്റുകള്‍ കൊണ്ട് മാത്രം കുട്ടിക്ക് നടന്നെത്താന്‍ സാധിക്കുമോ? എന്നിങ്ങനെ ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസം പൊലീസിന്റെ ട്രാക്കര്‍ ഡോഗ് റീന മണം പിടിച്ച് പാഞ്ഞ വഴികളും സംശയം ഇരട്ടിപ്പിക്കുകയാണ്.
നായ മണം പിടിച്ച് ആദ്യം ഓടിയത് വീടിന് പിന്നിലേക്കാണ്. അവിടെ നിന്നും അടുത്ത വീടിന്റെ പറമ്പിലേക്ക് ചാടി. ആള്‍ താമസമില്ലാത്തതിനാല്‍ പൂട്ടിയിട്ടിരുന്ന ഗേറ്റിന് മുന്നില്‍ നിലയുറപ്പിച്ചു. ഗേറ്റ് തുറന്ന ശേഷമാണ് ആറിന് സമാന്തരമായുള്ള വഴിയിലേക്ക് നായ ഇറങ്ങിയത്. പിന്നീട് നേരെ പാഞ്ഞത് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിലേക്ക്. അവിടെ നിന്ന് മാറാന്‍ കൂട്ടാക്കാതെ നിന്ന റീനയ്ക്ക് വീണ്ടും വസ്ത്രം മണപ്പിക്കാന്‍ നല്‍കി. സമീപത്തെ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ അവിടേക്ക് പോകാന്‍ ആറിന് കുറുകെ കെട്ടിയ താത്കാലിക നടപ്പാലത്തിലൂടെ നായ കുതിച്ച് പാഞ്ഞ് എത്തിയത് അകലെയുള്ള ഒരു വീട്ടിലാണ്. ഈ വീട്ടില്‍ എന്തു നടന്നു. കുട്ടി ഇവിടെ എങ്ങനെ എത്തി ഈ സംശയമാണ് പോലീസിനും വീട്ടുകാര്‍ക്കും നിലനില്‍ക്കുന്നത്. മുതിര്‍ന്നവരുടെ സഹായം ഇല്ലാതെ കുട്ടിക്ക് അവിടെ എത്താനാകില്ല എന്നു തന്നെയാണ് ഇതിലൂടെ മനസ്സിലാകുന്നത്. അങ്ങനെ എങ്കില്‍ അന്നേ ദിവസം ദേവനന്ദയെ ആ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത് ആര് എന്ന ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.