കൊല്ലത്ത് ഇളവൂരില്‍ ഏഴുവയസുകാരി ദേവാനന്ദ ദൂരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരണപ്പെട്ട സംഭവത്തില്‍ അറസ്റ്റ് രണ്ടു ദിവസത്തിനകം. കേസില്‍ ഇന്നലെ 4 പേരെ ചോദ്യം ചെയ്തു. സംശയ പട്ടികയിലുള്ള മൂന്നുപേരെ ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ശേഖരിച്ചു. കേസ് നിര്‍ണായക വഴിത്തിരിവിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന സൂചന. കുട്ടിയുടേത് മുങ്ങി മരണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുട്ടി തനിയെ പുഴയിലെത്താന്‍ വഴിയില്ലെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു. എല്ലാ സംശയങ്ങളും വിശദമായി പൊലീസ് അന്വേഷിച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തു. പ്രതിയിലേക്ക് എത്താനുള്ള എല്ലാ സൂചനകളും ലഭിച്ചുകഴിഞ്ഞെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇല്ലാതെ ഇതിന് അടിത്തറയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
ചോദ്യം ചെയ്യലില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കുറ്റം സമ്മതിച്ചിട്ടില്ല. തിരിച്ചും മറിച്ചും ചോദ്യം ചെയ്‌തെങ്കിലും മറുപടികളില്‍ കാര്യമായ വ്യത്യാസം ഉണ്ടാകാഞ്ഞതാണ് അന്വേഷണ സംഘത്തെ ഇപ്പോഴും കുഴപ്പിക്കുന്നത്. കോടതിയിലെത്തിയാലും കേസ് നിലനില്‍ക്കണമെങ്കില്‍ ശാസ്ത്രീയാടിത്തറ ആവശ്യമാണ്. കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോകാനുള്ള സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടുമില്ല.
മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യുന്നതോടെ കേസില്‍ കുറെക്കൂടി വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്. സംശയിക്കുന്നയാളെ രാത്രിയും പകലും പൊലീസ് നിരീക്ഷിക്കുകയാണ്. പ്രദേശത്തു നിന്നും് കടക്കാനുള്ള അവസരമുണ്ടാകാത്ത വിധമാണ് നിരീക്ഷണം. ഇയാളുടെ ഫോണും പോലീസില്‍ നിരീക്ഷിക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയില്‍ രണ്ടു ദിവസത്തിനകം അറസ്റ്റ് നടക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രതിയെ വീട്ടുകാര്‍ മുമ്പു തന്നെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അന്വേഷണ സംഘത്തെ കബളിപ്പിക്കുന്ന വിധം ഇയാള്‍ പെരുമാറുകയായിരുന്നു. പല കുറി ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഇയാളാണ് പ്രതിയെന്ന് സംശയിക്കുന്ന വിധം തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇയാള്‍ക്ക് കുട്ടിയുമായി ഏറെ കാലമായി ബന്ധമുണ്ടായിരുന്നതായും വീട്ടില്‍ കാണാന്‍ വരാറുണ്ടായിരുന്നതായും ദേവനന്ദുടെ കുടുംബം പോലീസിനെ ധരിപ്പിച്ചിരുന്നു. റീന എന്ന പോലീസ് നായ മണംപിടിച്ചെത്തിയ ആള്‍ താമസമില്ലാത്ത വീട്ടില്‍ രാത്രി കാലങ്ങളില്‍ ഇയാള്‍ തമ്പടിക്കാറുണ്ടെന്നും പ്രദേശ വാസികളില്‍ ചിലര്‍ പറഞ്ഞിരുന്നു. മദ്യത്തിന് അടിമപ്പെട്ട ഇയാള്‍ നാട്ടുകാര്‍ക്കും ഇടയ്ക്ക് ശല്യമുണ്ടാക്കാറുണ്ടായിരുന്നു.