ഏഴു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് പ്രതികളെ ഇന്ന് തൂക്കിലേറ്റി . കഴുമരത്തിലേറും മുന്നേ ഉണ്ണാതെയും ഉറങ്ങാതെയും ഏകാന്തമായ തടവറക്കുള്ളില്‍ പശ്ചാതപിച്ചാണ് അവര്‍ ഒടുവില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. എന്നാല്‍ അതൊന്നുമല്ല ,ക്രൂരവും പൈശാചികവുമായ ആ കൃത്യം നടന്ന രാത്രിയില്‍ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിനായാണ് രാജ്യം ഇപ്പോള്‍ കാതോര്‍ക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ യുവാവ്. പലപ്പോഴും പൊട്ടിക്കരഞ്ഞ് കോടതി മുറികളില്‍ മൊഴി നല്‍കിയ അവീന്ദ്ര. തന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത അനുഭവമായിരുന്നു അന്ന് ബസിലുണ്ടായതെന്നാണ് അന്ന് അവീന്ദ്ര പാണ്ഡെ പറഞ്ഞിരുന്നത്. നിര്‍ഭയ ജീവിക്കാനാഗ്രഹിച്ചിരുന്നതായും ഈ യുവാവ് വ്യക്തമാക്കിയിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് നിര്‍ഭയക്കേസിലെ നാലുപ്രതികളുടെയും വധശിക്ഷ നടപ്പാക്കിയത്. പവന്‍ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരെ തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയോടെ തൂക്കിലേറ്റുകയായിരുന്നു. ആറുമണിയോടെ കഴുമരത്തില്‍ നിന്നും നീക്കിയ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.