25.1 C
Kollam
Wednesday, November 20, 2024
HomeMost Viewedകരുനാഗപ്പള്ളിയിൽ കോടികൾ മുടക്കി നിർമ്മിച്ച പ്രൈവറ്റ് ബസ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നു

കരുനാഗപ്പള്ളിയിൽ കോടികൾ മുടക്കി നിർമ്മിച്ച പ്രൈവറ്റ് ബസ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നു

കരുനാഗപ്പള്ളിയുടെ ചിരകാല അഭിലാഷമായിരുന്ന പ്രൈവറ്റ് ബസ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയിലായി. മാര്‍ക്കറ്റ് റോഡിന് സമീപം രണ്ടേക്കറോളം വരുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ അവസ്ഥ ഉണ്ടായിരിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്ഥലം ചതുപ്പ് പ്രദേശമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം മരവിപ്പിക്കാന്‍ കാരണമായത് . നഗരസഭാ ഭരണം യുഡിഎഫ് ആയിരുന്നപ്പോള്‍ സ്ഥലം വാങ്ങാന്‍ കോടികള്‍ മുടക്കിയിരുന്നു. തുടര്‍ന്ന് മണ്ണിട്ട് നികത്തി ബസ് സ്റ്റാന്‍ഡിന് സ്ഥലം കണ്ടെത്തുകയായിരുന്നു.

അതോടെ നിര്‍മ്മാണം ആരംഭിച്ച് ‘ ജവഹര്‍ലാല്‍ നെഹ്‌റു ബസ് സ്റ്റാന്‍ഡ് ‘ എന്ന പേര് നല്‍കി 26-8 -2015 ല്‍ ഉദ്ഘാടനം നടത്തി. ഉദ്ഘാടകന്‍ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. അധ്യക്ഷന്‍ സി.ദിവാകരന്‍ എംഎല്‍എയും. എന്നാല്‍ തുടക്കം മുതല്‍ സ്റ്റാന്‍ഡില്‍ കൂടുതല്‍ അപാകതകള്‍ ഉടലെടുത്തിരുന്നു. ബസ്സുകള്‍ സ്റ്റാന്‍ഡിനുള്ളില്‍ കയറുമ്പോള്‍ വീലുകള്‍ ചെളിയില്‍ താഴുന്നതിനാല്‍ ബസുകള്‍ക്ക് കയറാന്‍ ആകാതെയായി. മാത്രമല്ല റോഡില്‍ നിന്നും സ്റ്റാന്‍ഡിലേക്ക് ബസ്സ് കയറുന്ന ഭാഗത്ത് വീതി കുറവായതിനാല്‍ അതും പ്രതിബന്ധമായി.

കൂടാതെ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നും സ്റ്റാന്‍ഡിനുള്ളില്‍ കടക്കാനും തയ്യാറായിരുന്നില്ല. ഇതു യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രതിബന്ധമായി. ഇതോടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്ന സാക്ഷാത്ക്കാരം ഇല്ലാതെയായി. പിന്നെ ബസുകള്‍ ഒന്നും സ്റ്റാന്‍ഡിലേക്ക് കടക്കാതെയായി. തുടര്‍ന്ന് സ്റ്റാന്‍ഡിലെ കാത്തിരിപ്പ് കേന്ദ്രവും ശുചിമുറിയും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറി. പകല്‍ സമയങ്ങളില്‍ സ്വാകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനും ആടുമാടുകളെ കെട്ടുന്നതിനുമായി സ്ഥലം ഉപയുക്തമാക്കി . നഗരസഭാ ഭരണം മാറി എല്‍ഡിഎഫ് ആയതോടെ ട്രാഫിക് കമ്മിറ്റി രൂപീകരിച്ച് വീണ്ടും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു.

അങ്ങനെ 9-2-2018-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ബസ് സ്റ്റാന്‍ഡ് എന്ന പേരുമാറ്റി ‘ കരുനാഗപ്പള്ളി നഗരസഭാ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ‘ എന്നാക്കി വീണ്ടും ഒരിക്കല്‍ കൂടി ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടകന്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ആയിരുന്നു. ബസുകളുടെ ടയറുകള്‍ ചെളിയില്‍ താഴുന്നത് മാറ്റാനായി നഗരസഭാ 40 ലക്ഷം വിനിയോഗിച്ച് ബസ് സ്റ്റാന്‍ഡ് ഭാഗങ്ങള്‍ അതായത് റോഡിന്റെ പുറമെ നിന്നും ഉള്ളിലേക്ക് കയറുന്ന ഭാഗം മുതല്‍ ‘കോണ്‍ക്രീറ്റിംഗ് ‘ നടത്തി. അങ്ങനെ ഏതാനും ദിവസം ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ഓടി തുടങ്ങി. എന്നിട്ടും കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാനോ സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള റോഡില്‍ നിര്‍ത്താനോ തയ്യാറായില്ല. റോഡില്‍ നിന്നുമുള്ള പ്രവേശന കവാടത്തിന്റെ വീതി കൂട്ടിയെങ്കിലും അത് പ്രതീക്ഷക്ക് വക നല്‍കിയില്ല. അതോടെ ബസുകളുടെ സ്റ്റാന്‍ഡിലേക്കുള്ള വരവ് വീണ്ടും അസ്ഥാനത്തായി.

അപ്പോഴാണ് ഇതിന്റെ സാങ്കേതികത്വം മനസ്സിലാക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് സ്ഥലം ചതുപ്പ് ഭാഗമാണെന്നും ഇത് ഒരു കാരണവശാലും ബസ് സ്റ്റാന്‍ഡ് ആയി ഉപയോഗിക്കാന്‍ ആകില്ലെന്നും അവര്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കി. ഇപ്പോള്‍ ഈ ഒരു സാഹചര്യമാണ് ഉള്ളത്. അതോടെ കരുനാഗപ്പള്ളി ജനങ്ങളുടെ നടപ്പിലായ ഒരു ചിരകാല അഭിലാഷത്തിന് തിരശ്ശീല വീണിരിക്കുകയാണ്. ഇനി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം പക്വമായ ഒരു സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ പറയുന്നു. നിലവിലുള്ള സ്ഥലം മറ്റ് എന്തിനെങ്കിലും വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും ഒരു ദീര്‍ഘ വീക്ഷണം ഇല്ലാത്തതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പൊതു ഖജനാവില്‍ ഉള്ള പണം ഇങ്ങനെ നാമാവശേഷമാക്കിയതില്‍ നഗര സഭക്കുള്ള പങ്ക് അക്ഷന്തവ്യമാണ്. ഇതിന് പ്രതികരണം ഉണ്ടാകേണ്ടത് ജനങ്ങളില്‍ നിന്നുമാണ് . ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന ഇത്തരം നടപടികളെ നഖശിഖാന്തം എതിര്‍ത്ത്,ജനങ്ങള്‍ രംഗത്തിറങ്ങുകയാണ് വേണ്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments