ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നു പോകാനാണ് സാധ്യത പറയുന്നത്. അങ്ങനെയെങ്കില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെയാവും ചുഴലിക്കാറ്റ് കടന്നുപോവുക. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത കല്‍പ്പിക്കുന്നത്. ആയതിനാല്‍ അമിത ആശങ്ക വേണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിച്ചാല്‍ മാത്രം മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്കാണ് അതീവ ജാഗ്രതാനിര്‍ദേശം ഇതിനോടകം നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും, കന്യാകുമാരിക്ക് 700 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 11 കിലോമീറ്ററാണ് കാറ്റിന്റെ ഇപ്പോഴുള്ള വേഗത. അടുത്ത 12 മണിക്കൂറിനകം കാറ്റിന്റെ ശക്തി വര്‍ദ്ധിക്കനാണ് സാധ്യത. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗമാകും അപ്പോള്‍ കാറ്റിനുണ്ടാകുക.
ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരള തീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്.