കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികൾക്ക് മേൽ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു. തെൻമല ഉറുകുന്ന് നേതാജി നഗറിന് സമീപം കുരിശുമല അടിവാരത്ത് ഒലിക്കര പുത്തൻവീട്ടിൽ സന്തോഷെന്ന അലക്സ് – സിന്ധു ദമ്പതികളുടെ മക്കളും ഇടമൺ വി.എച്ച്.എസ്.എസിലെ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയായ ശാലിനി(14),സഹോദരിയും ഒറ്റക്കൽ ജി.ഡബ്ള്യു.യു.പി.എസിലെ ആറാംക്ളാസ് വിദ്യാർത്ഥിനിയുമായ ശ്രുതി(11), അയൽവാസിയും കൂട്ടുകാരിയുമായ ടിസൻഭവനിൽ കുഞ്ഞുമോൻ – സുജ (ഗൾഫ്)ദമ്പതികളുടെ ഇളയമകളും ഒറ്റക്കൽ ഗവ.എച്ച്..എസ്.എസിലെ പ്ളസ് ടുവിദ്യാർത്ഥിനിയുമായ കെസിയ(16) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ ഉറുകുന്ന് നേതാജി ജംഗ്ഷന് സമീപമായിരുന്നു അപകടം. കൊല്ലം – തിരുമംഗലം റോഡിന്റെ വശത്ത് സന്തോഷ് നടത്തുന്ന ചെറിയ പെട്ടിക്കടയിലേക്ക് വീട്ടിൽ നിന്ന് കൂട്ടുകാരിയായ ജസിയയുമൊത്ത് നടന്നുവരികയായിരുന്ന ഇവരെ പുനലൂരിൽ നിന്ന് തെങ്കാശിയിലേക്ക് ഷീറ്റുമായി പോയ പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ് ശ്രുതി റോഡിലേക്ക് തെറിച്ചുവീണു. ശാലിനിയും ജസിയയും ഇരുപത് മീറ്ററോളം അകലെ റോഡരികിലുള്ള വയലിലേക്കാണ് വീണത്. ഓടിക്കൂടിയ നാട്ടുകാർ ആട്ടോറിക്ഷയിലും കാറിലുമായി മൂന്നുപേരെയും ഉടൻ പുനലൂർ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രുതിയുടെയും ജസിയയുടെയും മരണം സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ശാലിനിയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചെങ്കിലും വഴി മദ്ധ്യേ ശാലിനിയും മരിച്ചു. പിക്കപ്പ് ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി വെങ്കിടേഷിനെ തെൻമല പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണെന്ന് സംശയിക്കുന്നുണ്ടെങ്കിലും മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കാനായി രക്ത സാമ്പിൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങൾ പുനലൂർ ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കും മാറ്റി.ടിസനാണ് കെ സിയയുടെ സഹോദരൻ.
കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുംശേഷം മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് കൈമാറും. തെൻമല പൊലീസ്കേസെടുത്തു.