29.6 C
Kollam
Thursday, February 22, 2024
HomeNewsദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ നേർക്കാഴ്ചകൾ

ദേവീ ശ്രീമൂകാംബികയുടെ ആത്മീയ ദർശനങ്ങൾ; ജീവിതചര്യയുടെ നേർക്കാഴ്ചകൾ

- Advertisement -
കാർത്തി പ്രദീപ്
അസ്ട്രോളജർ
മൊബൈൽ- 98470710702

ഭക്തർ മടങ്ങുന്നത് അകൈതകമായ, അനിർവ്വചനീയമായ, അനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മ ചൈതനത്തിന്റെയും ബലിഷ്ഠമായ മനസ്സോടെ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ ആത്മനിർവൃതിയുടെയും പരിവേഷത്തോടെ

വിശ്വാസ ദർശനങ്ങളിൽ അദ്വൈതമായ സങ്കല്പവും ഒരു പക്ഷേ,യാഥാർത്ഥ്യ വീക്ഷണവും ഒരുപോലെ സമജ്ഞസിപ്പിക്കാൻ പര്യാപ്തമായ ഒരു ആരാധനാ കേന്ദ്രമാണ് കർണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിൽ കൊല്ലൂർ എന്ന സ്ഥലത്ത് സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം.

മഹാക്ഷേത്ര നിരകളിൽ ഈ ക്ഷേത്രത്തിന് അതി പ്രാധാന്യം നല്കി കാണുന്നു. പ്രത്യേകിച്ചും കേരളീയ ഭക്തരുടെ ഇടയിൽ.
പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ പ്രധാനിയാണ് മൂകാംബിക എന്ന സങ്കല്പമുണ്ട്. അതിനാൽ ഇവിടെ എത്തുന്ന ഭക്തരിൽ തൊണ്ണൂറ് ശതമാനത്തിലധികവും മലയാളികളാണ്.

ദേവിയുടെ അന്തർധാരകൾ മൂന്ന് ഭാവങ്ങളിൽ പ്രകടമാക്കുന്നു. മഹാസരസ്വതി,മഹാകാളി,മഹാ ലക്ഷ്മി എന്നീ മൂന്ന് ശക്തിഭാവങ്ങളുടെ ഐക്യരൂപമായ ആദിപരാശക്തിയാണ് മൂകാംബിക എന്ന് വിശ്വസിക്കപ്പെടുന്നു. പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം എന്നീ യാമങ്ങളിൽ ദേവീസങ്കല്പങ്ങൾ ഈ മൂന്ന് ഭാവങ്ങളിൽ എത്തപ്പെടുന്നു.

അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉറവിടമായി മഹാസരസ്വതിയെ ഗണിക്കപ്പെടുന്നു. വാചാലമായ സംസാരത്തിന്റെയും ശ്രുതിമധുരമായ സംഗീതത്തിന്റെയും അമ്മയായും ഇഴ ചേർക്കപ്പെടുന്നു. ഇവിടെ ക്ഷേത്രത്തിൽ പ്രഭാത പൂജ മഹാസരസ്വതിയെ സങ്കല്പിച്ചായതിനാൽ,എല്ലാ തരം വിദ്യകളുടെയും ആദ്യാക്ഷരങ്ങളും ആദ്യ അരങ്ങേറ്റവും നടത്താനായി എത്തുന്നവർ അനവധി നിരവധിയാണ്.

ആദിപരാശക്തിയുടെ സ്വരൂപമാണ് മഹാകാളി. ശിവപത്നിയായി വിശ്വസിക്കുന്നതിനാൽ പാർവ്വതിയായും അറിയപ്പെടുന്നു.സൃഷ്ടിയുടെ അടിസ്ഥാന ശക്തിയായി അല്ലെങ്കിൽ പ്രതിരൂപമായി മഹാകാളിയെ ആരാധിക്കുന്നതിനാൽ സന്താന ലബ്ദി,കാർഷികാഭിവൃദ്ധി,അയോധന കലകൾ തുടങ്ങിയ കാര്യങ്ങൾക്കായി ഭക്തർ ഈ ഭാവത്തിൽ ദേവിയുടെ അനുഗ്രഹത്തിനായി എത്തുന്നു.

എല്ലാ ഐശ്വര്യത്തിന്റെയും ദേവതയാണ് ലക്ഷ്മി അഥവാ മഹാലക്ഷ്മി.സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്.
ആകെക്കൂടി നോക്കുമ്പോൾ വിശ്വാസികളുടെ ഉദ്ദിഷ്ട ലബ്ദിയുടെയും ആത്മ ബോധനത്തിന്റെയും സർവ്വ ഐശ്വര്യങ്ങളുടെയും പ്രഭാ സ്ഥാനമായി ശ്രീമൂകാംബികാദേവി മാറുകയാണ്.

കൂടാതെ,പ്രധാന ശ്രീകോവിലിലെ സ്വയം ഭൂലിംഗത്തിൽ കുടികൊള്ളുന്ന മഹാദേവനെ,ഉപദേവസ്ഥാനത്ത് വ്യത്യസ്ഥമായ നാല് ഭാവങ്ങളിൽ ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രാണലിംഗേശ്വൻ,പർത്ഥേശ്വരൻ,നഞ്ചുണ്ടേശ്വരൻ, ചന്ദ്രമൗലീശ്വരൻ എന്നിങ്ങനെയാണ്.
ഗണപതി (അഷ്ട ദശഭൂജ ഗണപതി ഉൾപ്പെടെ മൂന്ന് രൂപങ്ങൾ),മഹാവിഷ്ണു,സുബ്രഹ്മണ്യൻ,ഹനുമാൻ, ശ്രീകൃഷ്ണൻ,വീരഭദ്രൻ,നാഗ ദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവൻമാർ.
മൂകാംബികയുടെ സേനാനായകനായ വീരഭദ്രനെ തൊഴുത ശേഷമാണ് ദേവീ ദർശനനം നടത്തേണ്ടതെന്ന് അഭിമതം.

ഗർഭഗൃഹത്തിൽ പഞ്ചലോക വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീമൂകാംബികാ ദേവി കുടികൊളളുന്നത്. ചതുർബാഹുവായ ദേവിയുടെ തൃകൈകളിൽ ശംഖചക്രവരദായ മുദ്രകൾ കാണാം.പഞ്ചലോക വിഗ്രഹത്തിൽ വെള്ളി ഗോളക ചാർത്തിയിട്ടുണ്ട്.വിഗ്രഹത്തിന്റെ തൊട്ട് മുന്നിലാണ് ക്ഷേത്രത്തിലെ മൂല പ്രതിഷ്ഠയായ സ്വയം ഭൂലിംഗം കാണപ്പെടുന്നത്.സുവർണ്ണ രേഖയോടു കൂടിയ ഈ ലിംഗത്തിന് ഏകദേശം ഒരടിയോളം ഉയരമുണ്ട്.ഇതിനെ രണ്ടായി വേർതിരിച്ചിട്ടുണ്ട്.വലത്തെ പകുതി ത്രിമൂർത്തികളെയും ഇടത്തെ പകുതി അതിന്റെ ശക്തികളെയും പ്രതിനിധീകരിക്കുന്നു.ഇത് നിർമാല്യ ദർശനത്തിലെ കാണാനാവൂ.

ക്ഷേത്രത്തിൽ നിത്യേന അഞ്ച് പൂജകളും മൂന്ന് ശീവേലികളുമാണുള്ളത്.പുലർച്ചെ അഞ്ച് മണി മുതൽ രാത്രി ഒൻപത് വരെ ദർശനം അനുവദനീയമാണ്.എന്നാൽ,പൂജയ്ക്ക് വേണ്ടിയുള്ള ചില വേളകൾ,ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നിനുമിടയിൽ നട അടയ്ക്കുന്നതും ഒഴിച്ചാൽ ഇടയ്ക്കുള്ള സമയങ്ങളിൽ ദേവീ ദർശനം നടത്താവുന്നതാണ്.

പുലർച്ചെ അഞ്ച് മണിക്ക് നിർമ്മാല്യ ദർശനം.അതാണ് ആദ്യ ചടങ്ങ്. ശേഷം സ്വയംഭൂലിംഗത്തിൽ അഭിഷേകം. പഞ്ചലോഹ വിഗ്രഹത്തിൽ അഭിഷേകങ്ങൾ നടത്താറില്ല. അഞ്ചരയോടെ ഒരു നാളീകേരം ഉപയോഗിച്ച് ഗണപതീ ഹോമം. രാവിലെ ആറരയ്ക്ക് ഉഷ:പൂജ. ദന്തധാവന പൂജ എന്നാണ് ഇവിടെ അതിനെ അറിയപ്പെടുന്നത്. ഏഴേ കാലിന് ദന്തധാവന മംഗളാരതിയും ഏഴരയ്ക്ക് പഞ്ചാമൃത അഭിഷേകവും നടത്തുന്നു.ഏഴേമുക്കാലിന് ദേവിക്ക് നിവേദ്യം നല്കുന്നു.തുടർന്ന് എട്ട് മണിയോടെ എതിരേറ്റ് പൂജയും. അതിന് ശേഷം ഉഷ:ശീവേലിയും നടത്തപ്പെടുന്നു.
ശീവേലി ബിംബം തലയിലേറ്റിയാണ് ഇവിടെ എഴുന്നള്ളിക്കുന്നത്. പതിനൊന്ന് മണിക്ക് ഉച്ച ശീവേലിയും നടത്തി ഒന്നരയ്ക്ക് നടയടക്കുന്നു.
സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്ക് പ്രദോഷപൂജയെന്നാണ് അറിയപ്പെടുന്നത്. ഈ പൂജയോടനുബന്ധിച്ച് പഞ്ചാമൃതാഭിഷേകവും നടത്തപ്പെടുന്നു. രാത്രി ഏഴ് മണിക്ക് നിവേദ്യവും ഏഴേ കാലിന് അത്താഴ പൂജയും. ഇതിനെ തുടർന്ന് മംഗളാരതിയും.പിന്നെ ഉപദേവതകൾക്കുള്ള പൂജ.എട്ട് മണിയോടെ ഇവർക്കുള്ള നിവേദ്യവും ദീപാരാധനയും. എട്ടേകാലിന് അത്താഴ ശീവേലിക്ക് ആരംഭം. ഈ സമയം ദേവീ വിഗ്രഹം സരസ്വതീ മണ്ഡപത്തിൽ എഴുന്നള്ളിച്ച് കൊണ്ട് വരും.

ഇത് അതിപ്രധാനമായ ഒരു ചടങ്ങാണ്.ഈ സമയത്ത് അവിലും നാളീകേരവുമാണ് നിവേദ്യങ്ങളായി ദേവിക്ക് സമർപ്പിക്കുന്നത്.നിവേദ്യത്തിന് ശേഷം വിശേഷാൽ പൂജയും മംഗളാരതിയും നടത്തുന്നു. അകമ്പടിയായി എല്ലാ വാദ്യോപകരണങ്ങളുടെയും പ്രത്യേക താളത്തിലുളള പ്രകമ്പനങ്ങൾ.

ഇവയ്ക്കൊപ്പം ഭക്തരുടെ നാമജപവും ഉണ്ടാവും.ഇത് കഴിയുന്നതോടെ ദേവിയെ ശ്രീകോവിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു.തുടർന്ന് ഒൻപത് മണിയോടെ ദേവിയുടെ പ്രധാന നിവേദ്യമായ കഷായ തീർത്ഥം നേദിക്കുന്നു.തുടർന്നുള്ള ഒരു പൂജ കൂടി അവസാനിക്കുന്നതോടെ നട അന്നേ ദിവസം അടയ്ക്കുന്നു.

ദേവിക്ക് നിവേദിച്ച കഷായ തീർത്ഥം ഭക്തർക്ക് പ്രസാദമായി നല്കുന്നു.ആയൂർവേദ ചേരുവകകളാൽ തീർത്ത കഷായമായതിനാൽ രോഗശമനത്തിന് വളരെ ഫലപ്രദം കൂടിയാണിത്.

ഇതും കഴിച്ച് ഭക്തർ മടങ്ങുന്നത് അകൈതകമായ, അനിർവ്വചനീയമായ, അനുഭൂതിയുടെയും ആത്മവിശ്വാസത്തിന്റെയും ആത്മ ചൈതനത്തിന്റെയും ബലിഷ്ഠമായ മനസ്സോടെ. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, എല്ലാ ആത്മനിർവൃതിയുടെയും പരിവേഷത്തോടെ നവ്യമായ ഒരു ഭാവ പകർച്ചയിൽ എത്തപ്പെടുന്ന അവസ്ഥാന്തരത്തിലൂടെയാണ് !

- Advertisment -

Most Popular

- Advertisement -

Recent Comments