പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ നാട്ടുകാർ മർദിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സദാചാര ആക്രമണത്തിന് ഇരയായ വിദ്യാർത്ഥികൾ . ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നതായാണ് വിദ്യാർത്ഥികൾ പറഞ്ഞത്. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ തല്ലിച്ചതച്ചത്. മർദ്ദനത്തിൽ പരിക്കേറ്റിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായില്ല. ആശുപത്രിയിലായതോടെയാണ് കേസെടുത്തത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്നും വിദ്യാർത്ഥി വിശദീകരിച്ചു.
പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചെന്നാണ് പരാതി. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.