കൊല്ലം കേരളപുരത്ത് വൻ തീപിടുത്തത്തിൽ പ്ലൈവുഡ് ഗോഡൗൺ കത്തിനശിച്ചു.80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 12 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു ഗോഡൗണിന് തീപിടിച്ചത്. നേരത്തേ കേരളപുരം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അഞ്ജലി സിനിമതിയേറ്റർ പിന്നീടത് ഫ്ലൈവുഡ് ഗോഡൗൺ ആക്കുകയായിരുന്നു. ഈ ഗോഡൗണിൽ മറ്റൊരു ഭാഗത്ത് വെൽഡിംഗ് വർക്ക്ഷോപ്പും പ്രവർത്തിച്ചിരുന്നു ഇതിൽ നിന്നുമാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.വിവരം അറിയിച്ചിട്ടും ഫയർഫോഴ്സ് എത്താൻ വൈകിയതും തീ പടർന്ന് പിടിക്കാൻ കാരണമായതായി ദൃക്സാക്ഷികൾ പറയുന്നു.
കൊല്ലം, ചാമക്കട, കുണ്ടറ, കരുനാഗപള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുമാണ് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചത്. ഏകദേശം രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
