കൊല്ലം – ആഴക്കടൽ വിവാദത്തെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കുണ്ടറ ബോംബേറ് കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഒന്നാംപ്രതി വിനുകുമാർ. സംഭവം നടക്കുമ്പോൾ താൻ വെഞ്ഞാറമൂടായിരുന്നുവെന്നും സോളാർ കേസ് പ്രതി സരിത എസ് നായരാണ് ബോംബെറിഞ്ഞ കാര്യം വിളിച്ചറിയിച്ചതെന്നും കേസിൽ താൻ നിരപരാധിയാണെന്നും വിനുകുമാർ സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.
ഇ.എം.സി.സി ഡയറക്ടറായിരുന്ന ഷിജുവർഗീസിന്റേയും ദല്ലാൾ നന്ദകുമാർ എന്ന വിളിക്കുന്ന വിവാദ വ്യവസായിടേയും ഗൂഢാലോചനയാണ് ബോംബ് കേസ്. കുറച്ചു ജോലിക്കാരെ വേണമെന്ന് പറഞ്ഞ് തന്നെ ദല്ലാൾ നന്ദകുമാർ വിളിച്ചിരുന്നു. അതനുസരിച്ച് തനിക്കറിയാവുന്ന ചിലരെ ജോലിക്ക് റെഡിയാക്കി കൊടുത്തു. ബോംബെറിഞ്ഞ സംഭവമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. സരിത എസ്.നായർ വിളിച്ച് പറയുകയായിരുന്നുവെന്നും അവരെ 2016-മുതൽ പരിചയമുണ്ടെന്നും വിനുകുമാർ പറഞ്ഞു.സ്വന്തം കാർ കത്തിച്ച് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ തിരഞ്ഞെടുപ്പ് കാലത്ത് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇപ്പോൾ വിചാരണ നേരിടുകയാണ് ഇ.എം.സി.സി ഡയറക്ടർ കൂടിയായിരുന്ന ഷിജു വർഗീസ്.
വിനുകുമാറും ഷിജു വർഗീസും ഉൾപ്പെടെ നാല് പേരെ കേസിൽ പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഷീജു വർഗീസ് നാലാം പ്രതിയാണ്. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണകുമാർ, പാലക്കാട് സ്വദേശി ശ്രീകാന്ത് എന്നിവരാണ് മറ്റ് പ്രതികൾ.
ആഴക്കടൽ മത്സ്യ ബന്ധന കരാർ റദ്ദാക്കിയതിലെ പക തീർക്കാനും മേഴ്സിക്കുട്ടിയമ്മയെ അപകീർത്തിപ്പെടുത്താനുമായിരുന്നു കരാറിന് ചുമതലയുണ്ടായിരുന്ന ഇ.എം.സി.സി ഡയറക്ടർ ഷിജുകുമാർ ഡി.എസ്.ജെ.പി പാർട്ടിയുണ്ടാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
തിരഞ്ഞെടുപ്പ് ദിനത്തിൽ കുണ്ടറയ്ക്ക് അടുത്ത് സ്വന്തം കാറിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഇതിന് പിന്നിൽ മേഴ്സിക്കുട്ടിയമ്മയുടെ സംഘമാണെന്ന പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നിൽ ഷിജുകുമാർ തന്നെയാണെന്ന വ്യക്തമാവുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.