25.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeമംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്

മംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്

മംഗളുരു യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു.

സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗളുരു എസ്പി വ്യക്തമാക്കി. വിവരം കർണാടക മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ശക്തമായ നടപടിക്ക് നിർദേശിച്ച് കർണാടക സർക്കാർ. കർണാടക സർക്കാരിന്റെ ഇന്നത്തെ വാർഷികാഘോഷ ചടങ്ങുകൾ എല്ലാം റദ്ദാക്കി.യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡയിൽ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

സുള്ള്യയിൽ യുവമോർച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഈ മേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്ട്രേഷൻ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേർ ഇതുവരെ കസ്റ്റഡിയിലായിട്ടുണ്ട്. കേസ് എൻഐഎ യ്ക്ക് കൈമാറണമെന്ന് കർണാടക ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികളെന്നാണ് ബിജെപി ആരോപണം.

കഴിഞ്ഞ ദിവസം രാത്രിയാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുന്നതിനിടെ പ്രവീണ്‍ നെട്ടാരെയെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതക ശേഷം ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ടു. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികളെത്തിയതെന്നാണ് പ്രദേശവാസികള്‍ പൊലീസിന് മൊഴി നല്‍കിയത്. പ്രതികളുടെ കേരളാ ബന്ധം കേന്ദ്രീകരിച്ച് തന്നെയാണ് തുടക്കത്തിലും അന്വേഷണമുണ്ടായത്. ദിവസങ്ങള്‍ക്ക് മുമ്പ് എസ്ഡിപിഐ ബന്ധമുള്ള യുവാവ് മംഗളുരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments