കടലമ്മയുടെ കനിവ് തേടി കടലിന്റെ മക്കൾ വലയുമായി കടലിലേക്ക്.സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കുന്നതോടെ വറുതിയുടെ കാലത്തിന് വിടചൊല്ലി ഇനി ചാകരക്കൊയ്ത്തിനായി തീരങ്ങളുണരും.
ഇതിനിടെ, 52 ദിവസത്തെ കാത്തിരിപ്പിനിടയിൽ ബോട്ടിന്‍റെയും വലയുടെയും എല്ലാം അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായി. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ ഒരാഴ്ചയായി തിരിച്ചെത്തുകയായിരുന്നു. ജൂണ്‍ പത്തിനാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍വന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രങ്ങളായ നീണ്ടകരയിലും ശക്തികുളങ്ങരയിലും ആളും ആരവവും വന്നു തുടങ്ങി. വലപ്പണികൾ തകൃതിയി തീർക്കുന്ന തിരക്കിലാണ് തൊഴിലാളികൾ.52 ദിവസമായി അടഞ്ഞുകിടന്ന ഇന്ധന പമ്പുകളും നാളെയോടെ സജീവമാകും. ഉച്ചയോടെ ബോട്ടുകൾ പാലത്തിന് കിഴക്കായി നങ്കുരമിടും.
പാലത്തിന് കുറുകെ കെട്ടിയിട്ടിരിക്കുന്ന ചങ്ങല രാത്രി 12 ന് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിക്കുന്നതോടെ അധികൃതർ അഴിച്ചു മാറ്റും. പാലത്തിന് കിഴക്ക് നിന്നും ബോട്ടുകൾ ഒന്നൊന്നായി പ്രതീക്ഷയുടെ മുത്തുകൾ തേടി കടലിലേക്ക് നീങ്ങും. ചെറിയ ബോട്ടുകൾ ഉച്ചയോടെ മീനുമായി എത്തുന്നതോടെ പുതിയൊരു സീസണിനും തുടക്കമാകും….