27.8 C
Kollam
Saturday, November 9, 2024
HomeMost Viewedമുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച; എസ്എച്ച്ഒയെ സ്ഥലംമാറ്റി

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച; എസ്എച്ച്ഒയെ സ്ഥലംമാറ്റി

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയെ സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ആലുവ കമ്പനിപ്പടിയ്ക്ക് അടുത്തായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വാഹനത്തിന്‍റെ ചില്ലിൽ ഇടിച്ചിരുന്നു. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്‌.ഒ. ജി. സാബുവിനെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് തൃശൂർ റൂറൽ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സ്ഥലംമാറ്റിയത്.

വെള്ളിയാഴ്ച ഒരു മണിയോടെ കാക്കനാട്ടെ ഗവണ്‍മെന്റ് പ്രസ്സിലെ പുതിയ സി.ടി.പി. മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി മടങ്ങുമ്പോഴാണ് സുരക്ഷാവീഴ്ച ഉണ്ടായത്. ഇടറോഡില്‍നിന്ന് കാക്കനാട് ജങ്ഷനിലേക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സോണി പനന്താനം കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ തൊട്ടരികിൽ എത്തിയ സോണി പനന്താനം വിൻഡോ ഗ്ലാസിൽ ഇടിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്ന ആദ്യ വാഹനം കടന്നു പോയി ഉടൻ എത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് സോണി എടുത്തുചാടുകയായിരുന്നു. ഡ്രൈവര്‍ വണ്ടി വെട്ടിച്ച്‌ മാറ്റിയതിനാല്‍ അപകടം ഒഴിവായി. കറുത്ത തുണി ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച്‌ മുഖ്യമന്ത്രി ഇരിക്കുന്ന സീറ്റിനടുത്ത ഗ്ലാസില്‍ പലതവണ ആഞ്ഞിടിച്ച്‌ ഇയാള്‍ പ്രതിഷേധിച്ചു. ഒരു പോലീസുകാരന്‍ ചാടി പിടിച്ചതോടെ രണ്ടുപേരും ഒന്നിച്ചു മറിഞ്ഞുവീണു. വീഴ്ചയില്‍ സോണിക്കും പോലീസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാറിനും പരിക്കേറ്റു. സോണിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. വാടാനപ്പള്ളി എസ്.എച്ച്‌.ഒ. സനീഷിനെ എളമക്കര എസ്.എച്ച്‌.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സാബുജിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയിട്ടില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments