30.5 C
Kollam
Tuesday, April 16, 2024
HomeNewsകോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാർബഡോസിനെ 100 റൺസിനു തകർത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ജമീമ റോഡ്രിഗസ് (46 പന്തിൽ 56) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബൗളിംഗിൽ രേണുക സിംഗ് 4 വിക്കറ്റ് വീഴ്ത്തി. രണ്ടാം ഓവറിൽ തന്നെ സ്മൃതി മന്ദന (5) മടങ്ങിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ജമീമ റോഡ്രിഗസ് ഷഫാലി വർമയ്ക്ക് ഉറച്ച പിന്തുണ നൽകിയതോടെ സ്കോർബോർഡ് ചലിച്ചു.

പതിവുപോലെ ഷഫാലി ആക്രമിച്ചുകളിച്ചപ്പോൾ ജമീമ ഒരുവശത്ത് ഉറച്ചുനിന്നു. 71 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിനു ശേഷം ഷഫാലി മടങ്ങി. 26 പന്തിൽ 43 റൺസെടുത്ത താരം ദൗർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഹർമൻപ്രീത് കൗറും ഏറെ വൈകാതെ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയും (6) മടങ്ങിയതോടെ ഇന്ത്യ പതറി. എന്നാൽ, ദീപ്തി ശർമയുമൊത്ത് അഞ്ചാം വിക്കറ്റിൽ ജമീമ പടുത്തുയർത്തിയ അപരാജിതമായ 70 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ജമീമയും 28 പന്തിൽ 34 റൺസെടുത്ത ദീപ്തി ശർമ്മയും നോട്ടൗട്ടാണ്.

മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാൻ ബാർബഡോസിനു സാധിച്ചില്ല. ഓസ്ട്രേലിയക്കെതിരായ പ്രകടനം രേണുക സിംഗ് വീണ്ടും പുറത്തെടുത്തതോടെ ബാർബഡോസ് ടോപ്പ് ഓർഡർ ചീട്ടുകൊട്ടാരം പോലെ തകർന്നു. ബാർബഡോസ് നിരയിൽ ഏഴ് പേരാണ് ഒറ്റയക്കത്തിനു പുറത്തായത്. 16 റൺസെടുത്ത കിഷോണ നൈറ്റ് ആണ് അവരുടെ ടോപ്പ് സ്കോറർ. ഇന്ത്യൻ ബൗളർമാരിൽ രേണുകയ്ക്കൊപ്പം മേഘ്ന സിംഗ്, രാധ യാദവ്, സ്നേഹ് റാണ, ഹർമൻപ്രീത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഓഗസ്റ്റ് ആറിനാണ് സെമിഫൈനൽ.

- Advertisment -

Most Popular

- Advertisement -

Recent Comments