കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുളള കരുനാഗപ്പള്ളി ശ്രീനാരായണ ഗുരു പവിലിയൻ&കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ അനാസ്ഥയിൽ തീർത്തും നാഥനില്ലാത്ത അവസ്ഥയിലും അവഹേളനത്തിലുമാകുന്നു.
ദേശീയ പാതയോരത്തോട് ചേർന്നതും പ്രകൃതി രമണീയതയ്ക്ക് മനോഹാരിത നല്കുന്നതുമായ ഒരു ബോട്ട് ടെർമിനൽ കേന്ദ്രം കൂടിയാണിത്.
പ്രാക്കുളം സാമ്പ്രാണിക്കോടിയുടെയും മൺട്രോത്തുരുത്തിന്റെയും സമാനതകൾക്ക് കിടപിടിക്കുന്ന രീതിയൽ ടൂറിസത്തിന് അനന്തസാദ്ധ്യതകൾ ഉള്ള ഇവിടം തികച്ചും അധികൃതരുടെ അനാസ്ഥ ഏറ്റു വാങ്ങുകയാണ്.
എല്ലാ വർഷത്തിലെയും ചതയാഘോഷ ദിനത്തിൽ കന്നേറ്റി വളളം കളി നടന്നു വരുന്നത് കരുനാഗപ്പള്ളി ജനതയുടെ ഹൃദയ വികാരവും ആസ്വാദ്യതയുടെ മറ്റ് വികാരങ്ങളുമാണ് പ്രകടമാക്കുന്നത്.
കോവിഡിന് അയവ് വന്ന് ടൂറിസം മേഖല പുഷ്ടിപ്പെടുമ്പോൾ, കന്നേറ്റിയിൽ നിന്നുമുള്ള വിനോദ സഞ്ചാരം പ്രഹസനമായി മാറുകയാണ്.
ഇവിടെ നിന്നുമുള്ള വരുമാനം കൂടുതൽ പ്രതീക്ഷ നല്കുന്നുവെങ്കിലും അടിസ്ഥാനപരമായി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായ ഒന്നും തന്നെ ബന്ധപ്പെട്ടവർ ചെയ്ത് നല്കുന്നില്ല.
ഇത്രയും ആകർഷണീയമായ ഒരു സ്ഥലം ഏതൊരു വിനോദ സഞ്ചാരിയുടെയും മനം കവരുന്നതാണ്.
പിന്നെന്താണ് ഈ ഒരു കേന്ദ്രത്തോട് വിവേചനവും വിമുഖതയും?
ഇവിടെ ഇപ്പോൾ ആകെയുള്ളത് 2017ലെ കാലഹരണപ്പെട്ട, കഷ്ടിച്ച് നാലു പേർക്ക് സഞ്ചരിക്കാവുന്ന ഒരു ചെറു ബോട്ടാണ്.
യഥാർത്ഥത്തിൽ വേണ്ടത് ഒരു ഹൗസ് ബോട്ടും അവശ്യം ഷിക്കാര ബോട്ടുകളുമാണ്. അങ്ങനെ വരുമ്പോൾ, ഒരു ഫുഡ് പാക്കേജ് കൊണ്ടുവന്ന് സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനാവും. കൂടാതെ, ഇവിടെ നിന്നും സാമ്പ്രാണിക്കോടി, മൺട്രോത്തുരുത്ത് എന്നിവിടങ്ങളിൽ ടൂർ ട്രിപ്പ് നടത്താനുമാകും.
ഇപ്പോഴുള്ള ബോട്ട് ടെർമിനൽ ചില അപാകതകൾ നിറഞ്ഞതാണ്. ടെർമിനലിന്റെ ഹാൾ രണ്ട് തട്ടായാണ് ഫ്ലോറിംഗ് നടത്തിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് ഫ്ലോറിന്റെ താഴ്ന്ന ഭാഗത്ത് വെള്ളം കയറുന്നത് ഒരു പോരായ്മയായി നില്ക്കുന്നു. ഈ അവസ്ഥയിൽ നിന്നും മാറ്റം വരുത്തി, മുകൾ ഫ്ലോറുമായി ചേർത്ത് നിരപ്പാക്കിയാൽ ഫ്ലോറ് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും. അങ്ങനെ വരുമ്പോൾ ഇവിടം ഒരു പ്രോഗ്രാം ഹാളാക്കി മാറ്റി, കുറഞ്ഞത് നൂറ് പേർക്കെങ്കിലും ഇരുന്ന് ആവശ്യങ്ങൾ നിറവേറ്റാനാകും.
ചെറിയ കല്ല്യാണം, റിസപ്ഷൻ, പാർട്ടി സമ്മേളനങ്ങൾ, യോഗങ്ങൾ തുടങ്ങിയവ നടത്താനുമാകും. പുറം ഭാഗത്ത് കുട്ടികളുടെ ഉല്ലാസത്തിനായി ഒരു പാർക്കും നിർമ്മിക്കാവുന്നതാണ്. അതിനുള്ള സ്ഥലം ബോട്ട് ടെർമിനലിന്റെ പ്രവേശന കവാടത്തിന് മുമ്പിൽ കരുനാഗപ്പള്ളി നഗര സഭയുടെ വക ടെർമിനലിനായി നല്കിയ ഭാഗത്തുണ്ട്.
വേണ്ടി വന്നാൽ അവിടെ ഒരു ഓപ്പൺ സ്റ്റേജും നിർമ്മിക്കാം. അങ്ങനെ പല പല സാധ്യതകൾ ഉള്ളപ്പേൾ ഈ വിനോദ സഞ്ചാര കേന്ദ്രത്തെ നിഷ്ക്കരുണം ഇല്ലായ്മ ചെയ്യുകയാണ് അധികാരികൾ.
നിലവിലെ ഹാളിന്റെ പോരായ്മ പരിഹരിക്കുന്നതിനോടൊപ്പം വിനോദ സഞ്ചാരികൾക്ക് വൈ ഫൈ കണക്ഷൻ, ടി വി, ഫാൻ തുടങ്ങിയവയും ക്രമീകരിച്ച് നല്കിയാൽ അവരിൽ നിന്നും പ്രവേശന ഫീസും ഈടാക്കി വരുമാനം മുതൽക്കൂട്ടാവുന്നതാണ്.
കൂടാതെ, കേന്ദ്രത്തിൽ സായാഹ്ന സമയം കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരു ഓപ്പൺ ഷട്ടിൽ കോർട്ടും കബഡി ടൂർണമെന്റ് നടത്താനുള്ള കോർട്ടും കെട്ടിയാൽ അതു തന്നെ വ്യത്യസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാം. അതിന് ഉപോത്ബലകമാകുന്നത് കരുനാഗപ്പള്ളിക്കാരുടെ എടുത്തു പറയാവുന്ന സ്പോർട്ട് സ് സ്പിരിറ്റാണ്.
ഇപ്പോഴുളള ചെറു ബോട്ടിൽ നിന്നും സഞ്ചാരം വഴി ലഭിക്കുന്ന വരുമാനം വളരെ കുറവാണ്. കാരണം, ഇത് പാക്കേജ് ടൂർ അല്ലാത്തതും ട്രിപ്പ് കൂടുതൽ നടത്താനാവാത്തതുമാണ്.
ഒരു പെഡൽ ബോട്ട് ഇട്ടാലും കൂടുതൽ വരുമാനം ഉയർത്താനാവും. കായൽ ആഴമേറിയതിനാൽ കുട്ട വഞ്ചിയ്ക്ക് പര്യാപ്തമല്ല.
ഇപ്പോൾ ഇവിടെ ഒരു ” ടീ ഹൗസ്”(Tea House) ഉണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് നടത്തിപ്പുകാരെ കൂടുതൽ പ്രതികൂലമാക്കുന്നു.
കേന്ദ്രത്തിൽ നിലവിൽ ഒരു സൂപ്പർവൈസറും ഒരു ഡ്രൈവറും ഒരു ടിക്കറ്റ് സ്റ്റാഫും ഒരു ക്ലീനിംഗ് സ്റ്റാഫും കൂടാതെ, രണ്ട് സെക്യൂരിറ്റിക്കാരുമാണുള്ളത്.
യഥാർത്ഥത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം ഇവരുടെ ശമ്പളത്തിന് പോലും തികയില്ല.
പവിലിയന്റെ ഉത്ഘാടനം 2018 ജനുവരി 11 വ്യാഴാഴ്ചയായിരുന്നു.
ശ്രീനാരായണ ഗുരു പവിലിയൻ&കന്നേറ്റി ബോട്ട് ടെർമിനൽ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കേന്ദ്രം യഥാർത്ഥത്തിൽ നാരായണ ഗുരുവിന്റെ യശ്ശ:സിനെപ്പോലും അപകീർത്തിപ്പെടുത്തുന്ന രീതിയിലായിരിക്കുകയാണ്!
കന്നേറ്റി ബോട്ട് ടെർമിനലിൽ നിന്നും സാമ്പ്രാണിക്കോടി, മൺട്രോത്തുരുത്ത് എന്നീ പ്രദേശങ്ങൾ കൂടാതെ, മാതാ അമൃതാനന്ദമയീ മഠം, ആലുംങ്കടവ്, കാട്ടിൽ മേക്കതിൽ ക്ഷേത്രം, ആയിരം തെങ്ങിലെ കണ്ടൽ വനം, പന്മന ബോട്ടുജെട്ടി എന്നിവിടങ്ങളിലും സഞ്ചരിക്കാനാവും.
കായൽ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് കൊല്ലം ജില്ലയ്ക്ക് ഭൂപടത്തിൽ പ്രത്യേക ഇടമുള്ളത്, പ്രകൃതി രമണീയതയുടെ ഹൃദ്യതയിൽ അനുരണനങ്ങൾ ഉയർത്താൻ പര്യാപ്തമായത് കൊണ്ടാണ്.
അധികൃതർ സ്ഥാനമാനങ്ങളിൽ മാത്രം ഇരുന്നാൽ പോര; ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തെങ്കിൽ മാത്രമെ, ഇരിക്കുന്ന സ്ഥാനത്തിന് എന്തെങ്കിലും ചെയ്തെന്ന് പറയാൻ അർഹതയുള്ളു. അല്ലെങ്കിൽ അത് വെറും പ്രഹസനമാണ്, അധർമ്മമാണ്, നീതിക്ക് നിരക്കാത്തതാണ്. കൂടുതൽ വ്യക്തമാക്കിയാൽ, തീർത്തും കഴിവ് കേടും പ്രതിബദ്ധതയില്ലായ്മയുമാണ്!