കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ഡോ.ജി പ്രതാപവർമ തമ്പാൻ(63) അന്തരിച്ചു. വൈകിട്ടോടെ തേവള്ളി പാലസ് വാർഡ് കൃഷ്ണ കൃപയിൽ ശുചി മുറിയിൽ തെന്നിവീണ തമ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും മരിച്ചു.
കെ.എസ്.യു സ്കൂൾ യൂനിറ്റ് പ്രസിഡന്റ്, കൊല്ലം എസ്.എൻ കോളജ് യൂനിറ്റ് പ്രസിഡന്റ്, കൊല്ലം താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന നിർവാഹക സമിതിയംഗം, സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി, കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗം, പേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ചാത്തന്നൂർ എം.എൽ എ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
1991 ൽ ചവറയിൽ ബേബി ജോണിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2001 ൽ ചാത്തന്നൂരിൽ നിന്നും വിജയിച്ചെങ്കിലും 2006 ൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി തമിഴ് നാട്ടിൽ പ്രവർത്തിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തെങ്കാശി ജില്ലയുടെ പാർട്ടി ചുമതലയും വഹിച്ചിരുന്നു.
ഡി.സി.സി പ്രസിഡന്റായിരിക്കെ കൊല്ലം ഡി.സി.സി ഭൂമിയുടെ പട്ടയം നേടിയെടുത്തു.കൊല്ലം ഡി.സി.സി ഓഫിസിന്റെ പുതിയ മന്ദിരത്തിന്റെ ഒന്നാം നില പൂർത്തിയാക്കിയത് പ്രതാപവർമ തമ്പാൻ പ്രസിഡന്റായിരിക്കെയായിരുന്നു. 2012 ൽ ഒരു വിഭാഗം നേതാക്കളുടെ ഗ്രൂപ്പ് പോരിനെ തുടർന്നായിരുന്നു കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹത്തിന് പടിയിറങ്ങേണ്ടി വന്നത്.
2014 ലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ആർ.എസ്.പി മുന്നണി മാറിയെത്തിയതിനും പിന്നിൽ പ്രതാപവർമ തമ്പാന്റെ പ്രയത്നവുമുണ്ടായിരുന്നു. അന്നത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലം, മാവേലിക്കര, ആലപ്പുഴ മണ്ഡലത്തിൽപ്പെടുന്ന കരുനാഗപ്പള്ളിയിലും യു.ഡി.എഫിന് നേടിയെടുക്കുന്നതിലും പ്രതാപവർമ തമ്പാന്റെ സ്വാധീനം പ്രകടമായിരുന്നു.
മാതാപിതാക്കൾ: സ്വാതന്ത്ര്യ സമര സേനാനി പരതനായ മുല്ലവനം ഗോപാലപ്പണിക്കർ ആണ് പിതാവ്. ഭാരതിയാണ് മാതാവ്. ഭാര്യ: ദീപാ തമ്പാൻ. മക്കൾ: ചൈത്ര കെ തമ്പാൻ, ഗോകുൽ. സംസ്ക്കാരം നാളെ വൈകിട്ട് 4 ന് പേരൂരിൽ.