25.8 C
Kollam
Friday, November 22, 2024
HomeNewsഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; അതിതീവ്രമഴയുടെ സാഹചര്യത്തിൽ

ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; അതിതീവ്രമഴയുടെ സാഹചര്യത്തിൽ

അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. എന്നാൽ അവധി മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോര മേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. പിന്നീട് പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലേക്ക് മഴ മാറിയേക്കും.

അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്‍റെ ഗതിയും വേഗതയും കൂടുതൽ മഴയ്ക്ക് അനുകൂലമാണ്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. ഇത് ഞായറാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

- Advertisment -

Most Popular

- Advertisement -

Recent Comments