സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതേ തുടര്‍ന്ന് ഇതിനോടകം ജലം പുറത്തേക്ക് ഒഴുക്കിവിടുന്ന പല ഡാമുകളിലും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പുതുതായി ചില ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു.
ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു: പമ്പ, മാട്ടുപ്പെടി ഡാമുകളും ഇന്ന് തുറക്കും.പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്യുകയാണ്. ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 253 മീറ്ററാണ്. ഡാമിലെ പരമാവധി ജലനിരപ്പും 253 മീറ്ററാണ്. ജൂലൈ 14 മുതല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പാംബ്ല ഡാമിലെ ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തി പരമാവധി 750 ക്യുമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ടായിരുന്നു.
ഇന്നല മുതല്‍ ചെറുതോണി ഡാമില്‍ നിന്നുളള ജലം തുറന്നു വിടുന്ന സാഹചര്യത്തിലും, കല്ലാര്‍കുട്ടി ഡാമില്‍ നിന്നും തുടര്‍ച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും പാംബ്ല അണക്കെട്ടുകള്‍ കൂടുതല്‍ തുറക്കും. ഇന്ന് വൈകിട്ട് 5.00 മണി മുതല്‍ മുന്‍കരുതല്‍ എന്ന നിലയിലാകും പാംബ്ല ഡാമിലെ ഷട്ടറുകള്‍ ആവശ്യാനുസരണം ഉയര്‍ത്തുക. പരമാവധി 1500 ക്യുമെക്‌സ് വരെ ജലം ഒഴുക്കിവിടും.
പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളില്‍ ( ഢ1,ഢ2, ഢ3, ഢ4, ഢ5, ഢ6,ഢ7,ഢ8, ഢ9 &ഢ10) കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചു. 10 ഷട്ടറുകളും ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ അധികമായി .90 മീറ്റര്‍ വീതം ഉയര്‍ത്തും. ആകെ 7130.00 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പാലക്കാട് മലമ്പുഴ ഡാം ഷട്ടറുകള്‍ വൈകീട്ട് 5 മണിയോടെ കൂടുതല്‍ ഉയര്‍ത്തും. ഇപ്പോള്‍ 40 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. ഇതില്‍ നിന്ന് 55 സെ.മി ആക്കി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിരിക്കുന്നത്. നാലു ഷട്ടറുകള്‍ 40 സെന്റീമീറ്ററാക്കി ഉയര്‍ത്തിയതോടെ തന്നെ മുക്കൈ പാലം മുങ്ങിയിരുന്നു. മുക്കൈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.മഴ ശക്തമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് ന്‍ജിനീയര്‍ അറിയിച്ചു.
ശിരുവാണി ഡാം റിവ4 സ്ലൂയിസ് ഷട്ട4 1.70 മീറ്ററാക്കി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.പത്തനംതിട്ട പമ്പ അണക്കെട്ട് തുറന്നു. രണ്ട് ഷട്ടറുകള്‍ പരമാവധി 60 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി. പമ്പാനദിയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കും.മാട്ടുപ്പെട്ടി ഡാം തുറന്ന് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 70 സെന്റി മീറ്റര്‍ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കുകയാണ്. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാണാസുര ഡാമില്‍ നീരൊഴുക്ക് കൂടി. ജലനിരപ്പ് ഉയര്‍ന്ന് 774.35 മീറ്റററില്‍ എത്തി. ഡാമിന്റെ ഒരു ഷട്ടര്‍ കൂടി 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. രാവിലെ 8.10 ന് ഒരു ഷട്ടര്‍ 10 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 2.30 ന് ഈ ഷട്ടര്‍ 20 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിരുന്നു. പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം എന്ന രീതിയില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
