തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയുടെ കൊലപാതകത്തിൽ പ്രതി ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തിരുവനന്തപുരം എസിജെഎം കോടതിയാണ് പ്രതിയെ പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. അഡ്വക്കേറ്റ് ആളൂരാണ് ആദം അലിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയിൽ വേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇന്ന് ഉച്ചയോടെ ആദം അലിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു.
ചെന്നൈ റെയിൽവെ പൊലീസാണ് കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. കേരളാ പൊലീസ് ചെന്നൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എങ്കിലും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്. മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇവിടെ തന്നെ ഉണ്ടായിരുന്നു. ഇതൊക്കെയാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നതും ഇനി കണ്ടെത്തണം.