29.8 C
Kollam
Wednesday, January 15, 2025
HomeNewsCrimeസൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം; അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റു

സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം; അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റു

ന്യൂയോർക്കിലെ പരിപാടിക്കിടെ കുത്തേറ്റ പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയുടെ ആരോഗ്യനില ഗുരുതരം. വെന്‍റിലേറ്ററിലാണെന്നും അക്രമത്തിൽ കരളിന് സാരമായി പരിക്കേറ്റെന്നും റഷ്ദിയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാർ പ്രവേശന പാസ്സുമായിട്ടാണ് പരിപാടിക്കെത്തിയത്.

ഇന്നലെ ന്യൂയോർക്കിലെ ആൾക്കൂട്ടം നിറഞ്ഞ് നിന്ന ഓഡിറ്റോറിയത്തിലേക്ക് ഒരു അഭിമുഖ പരിപാടിക്കായി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. കഴുത്തിലാണ് അദ്ദേഹത്തിന് കുത്തേറ്റത്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഉടന്‍ അദ്ദേഹത്തെ ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പരിപാടിക്ക് ആവശ്യത്തിനുള്ള സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്ന് സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് അറിയിച്ചു. പൊലീസ് സാന്നിധ്യമുണ്ടായിരുന്നുവെന്നും അവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതതെന്നും സ്ഥാപനത്തിന്‍റെ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സർ അഹ്മദ് സൽമാൻ റുഷ്ദി. മിഡ്നൈറ്റ്സ് ചിൽഡ്രൻ, സാറ്റാനിക് വേർസസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദിയെ ലോകം അറിയുന്നത്. 1947 ജൂൺ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടർപഠനം. 1968 ൽ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.

സയൻസ് ഫിക്ഷൻ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന നോവലിലൂടെ വിശ്വപ്രസിദ്ധനായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക സന്ധികളിലൂടെയും മുന്നേറുന്ന വ്യക്തിയുടെ ജീവിതമായിരുന്നു ഇതിവൃത്തം. ഈ കൃതിക്ക് ബുക്കർ പ്രൈസ്, അടക്കം ലഭിച്ചു.

1988 ആണ് റുഷ്ദിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ സാറ്റാനിക് വേർസസ് എന്ന നോവൽ നിരൂപക പ്രശംസ നേടി. എന്നാൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധിക്കപ്പെട്ടു. മതനിന്ദാപരമായ പരാമർശങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ സഹിഷ്ണുതയുടെ അതിർവരമ്പുകളെല്ലാം മറികടന്ന് 1989 ഫെബ്രുവരി 14ന് അദ്ദേഹത്തിനെതിരെ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ ഫത്വ പുറപ്പെടുവിച്ചു. റുഷ്ദിയെ വധിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നായിരുന്നു പ്രഖ്യാപനം.

ഏറെക്കാലം പൊലീസ് സുരക്ഷയിലാണ് റുഷ്ദി കഴിഞ്ഞത്. പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്.

- Advertisment -

Most Popular

- Advertisement -

Recent Comments