കൊല്ലം ടോൾ പ്ലാസയിൽ യുവാവിനെ അക്രമിച്ച സംഭവത്തില്‍ വർക്കല സ്വദേശി ലഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ലഞ്ജിത്ത് മാത്രമാണ് പ്രതി. നേരത്തെ കസ്റ്റഡിയിൽ എടുത്ത കാർ യാത്രികനായ അഭിഭാഷകൻ മർദിച്ചില്ലെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി.
സംഭവത്തിൽ രണ്ടു പേരെയാണ് കസ്ററഡിയിലെടുത്തത്. വർക്കല സ്വദേശികളായ ലഞ്ജിത്, ഷിബു എന്നിവരെയാണ് അഞ്ചാലുമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതില്‍ ഷിബു മര്‍ദ്ദിച്ചിട്ടില്ലെന്നാണ് മര്‍ദ്ദനത്തിനിരയായ അരുണ്‍ മൊഴി നല്‍കിയത്. തുടര്‍ന്നാണ്, ലഞ്ജിത്തിന്‍റെ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയത്.
കാവനാട്ടെ ടോൾ ബൂത്തിൽ യുവാവിന് മർദനമേറ്റതിന് പിന്നാലെ തന്നെ പ്രതികളെ കണ്ടെത്താൻ അഞ്ചാലുമൂട് പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തിയത്. വർക്കല സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നു തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ ഷിബുവിനെ കസ്റ്റഡിയിൽ എടുത്തു. തന്റെ സുഹൃത്തായ ലഞ്ജിത്താണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ഷിബു പൊലീസിനോട് പറഞ്ഞത്.
ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയായിരുന്നു മർദനം.മുഖ്യ പ്രതിയായ ലഞ്ജിത്തിനെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. അതേസമയം പരിക്കേറ്റ കുരീപ്പുഴ സ്വദേശിയായ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ കൈക്കും കാലിനും സാരമായ പരിക്കാണുള്ളത്.