രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ടി സിദിഖ് എംഎൽഎ. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നാണ് അദ്ദേഹം പറയുന്നത്.
എന്തിനാണ് വീടുവളഞ്ഞ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതെന്ന് ചോദിച്ച എംഎൽഎ കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്തു നിൽക്കുകയാണെന്നും പറഞ്ഞു. എകെജി സെന്റർ ആക്രമണത്തിന്റെ ശ്രദ്ധ തിരിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും ഭരണ തലത്തിൽ വലിയ ഗൂഢാലോചന നടക്കുകയാണെന്നും കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫീസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കിയാണ് എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ട് പറയുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്.
തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകർ കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എം പി ഓഫിസിലെ എസ് എഫ് ഐ ആക്രമണത്തിന് ശേഷം ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം.