മധു കേസില്‍ ജാമ്യം റദ്ദാക്കി ജയിലില്‍ അയച്ച മൂന്ന് പ്രതികളെയും മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ബിജു, അനീഷ്, സിദ്ദിഖ് എന്നീ പ്രതികളെ വിട്ടയക്കാനാണ് നിര്‍ദേശം. മൂന്ന് പേര്‍ക്കും ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
തിങ്കളാഴ്ച മധു കേസിലെ പ്രതികളുടെ അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കും. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി നല്‍കിയ ജാമ്യം എങ്ങനെ വിചാരണക്കോടതിക്ക് റദ്ദാക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.
ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി ഉത്തരവില്‍ തിങ്കളാഴ്ച വരെയാണ് ഹൈക്കോടതിയുടെ സ്റ്റേ. കേസിലെ രേഖകള്‍ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണെന്നും നിരീക്ഷിച്ചു.സാക്ഷികളെ സ്വാധീനിച്ചെന്നത് വ്യാജ പ്രചാരണമാണെന്ന് പ്രതിഭാഗം വാദിച്ചു. അക്കാര്യത്തില്‍ പൊലീസിനും തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. വിചാരണയില്‍ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.