നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സൊനാലി ചെലവഴിച്ച റെസ്റ്റോറന്റിന്റെ ഉടമയും ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളുമാണ് അറസ്റ്റിലായത്. എന്തൊക്കെയാണ് പാനീയത്തില്‍ കലര്‍ത്തി നടിക്ക് നല്‍കിയതെന്നറിയാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുയാണെന്ന് പൊലീസ് പറഞ്ഞു.
ലഹരി മരുന്ന് കലര്‍ത്തിയ പാനീയം സൊനാലിയെ കൊണ്ട് കഴിപ്പിച്ചെന്ന് കസ്റ്റഡിയിലുള്ള പി എ സുധീര്‍ സാംഗ്വാന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി മരുന്ന് ഉപയോഗിച്ചതിനാല്‍ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയുടെ ദൃശ്യങ്ങള്‍ റെസ്റ്റോറന്റിലെ സിസിടിവിയില്‍ നിന്നും കിട്ടിയിട്ടുമുണ്ട്.
വടക്കന്‍ ഗോവയിലുള്ള കേര്‍ലീസ് റസ്റ്റോറന്റ് ലഹരി മരുന്ന് ഉപയോഗം സ്ഥിരമായി നടക്കുന്ന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നു. മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമാണ് റസ്റ്റോറന്റ് ഉടമ എഡ്വിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടേക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയ ആളാണ് ഇന്ന് അറസ്റ്റിലായ ദത്താ പ്രസാദ് ഗോവന്‍കര്‍.