27.8 C
Kollam
Saturday, December 21, 2024
HomeMost Viewedആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം; വെള്ളാപ്പള്ളി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം; വെള്ളാപ്പള്ളി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അഭികാമ്യമല്ല

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരം. യുജിസി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകള്‍ക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ വിഷമമുണ്ട്. സര്‍ക്കാല്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്.

ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നില്‍ക്കരുത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍,മുസ്ലീം മാനേജ്‌മെന്റിന്റെ കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല. എന്നാല്‍ എന്‍എസ്എസിന്റേയും എസ്.എന്‍.ഡി.പിയുടേയോ കോളേജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം.

ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. കൊല്ലത്തെ എസ്.എന്‍ കോളേജില്‍ സമരം നടക്കും എന്നാല്‍ ഫാത്തിമാ മാതാ കോളേജില്‍ സമരമേയില്ല. മാനേജ്‌മെന്‍് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജില്‍ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റില്‍ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്‌മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നം.

വിഴിഞ്ഞം സമരത്തിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments