കെഎസ്ആർടിസി പ്രതിസന്ധിയിൽ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചർച്ച. ഗതാഗത മന്ത്രിയും കെഎസ്ആർടി, സി എം ഡിയും മുഖ്യമന്ത്രിയെ കാണും. സെപ്റ്റംബർ 1ന് മുന്പ് രണ്ട് മാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.ശമ്പളം നൽകാൻ 103 കോടി അടിയന്തരമായി അനുവദിക്കണമെന്ന് കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
ശമ്പളം നൽകും മുമ്പ് ഡ്യൂട്ടി പരിഷ്കരണം, യൂണിയൻ ട്രാൻസ്ഫർ പ്രൊട്ടക്ഷൻ എന്നിവയിൽ തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും മാനേജ്മെന്‍റും. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി തന്നെ തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ മുടങ്ങിക്കിടന്ന പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും.
അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ. നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത് രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിർദേശം.