26.9 C
Kollam
Wednesday, January 1, 2025
HomeNewsCrimeഅമ്മയെ ശല്യം ചെയ്തയാളെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു; വിശാഖപട്ടണത്തിൽ

അമ്മയെ ശല്യം ചെയ്തയാളെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു; വിശാഖപട്ടണത്തിൽ

അമ്മയെ ശല്യം ചെയ്തയാളെ 23 കാരനായ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു.താന്‍ നടന്നുവരുന്ന വഴി ഒരാള്‍ തന്റെ കയ്യില്‍ കയറി പിടിച്ചെന്ന് അമ്മ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് മകന്‍ ഈ ക്രൂരകൃത്യം ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. വിശാഖപട്ടണത്തെ അല്ലിപുരം സ്വദേശികളാണ് മൂവരും. വീട്ടുജോലിക്കാരിയായ ഗൗരി ഞായറാഴ്ച ജോലി കഴിഞ്ഞ് വരുന്ന വഴിയില്‍ വച്ച് ശ്രീനു എന്നയാള്‍ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മദ്യലഹരിയില്‍ ആയിരുന്നു ശ്രീനു അപ്പോള്‍. ഗൗരിയുടെ കയ്യില്‍ കയറിപ്പിടിച്ച ശ്രീനു ഇവരെ ദേഹോപദ്രവം ഏല്‍പ്പിക്കാനും ശ്രമിച്ചു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും അനുനയിപ്പിച്ച് മാറ്റി വിട്ടത്.

എന്നാല്‍ ശ്രീനുവില്‍ നിന്നും രക്ഷപ്പെട്ട വീട്ടിലെത്തിയ ഗൗരി മകനോട് പരാതി പറഞ്ഞു. വഴിയില്‍ വച്ച് ഒരാള്‍ തന്റെ കയ്യില്‍ കയറി പിടിച്ചു എന്നായിരുന്നു ഗൗരിയുടെ പരാതി. അമ്മയുടെ വാക്കുകള്‍ കേട്ട് മകന്‍ പ്രസാദ് ക്ഷുഭിതനായി ഉടന്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ അമ്മയെയും കൂട്ടി ശ്രീനുവിനെ അന്വേഷിച്ചിറങ്ങി. റോഡില്‍ വച്ച് കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് ദേഷ്യം സഹിക്കാതെ വന്ന പ്രസാദ് റോഡില്‍ കിടന്ന ഒരു കല്ലെടുത്ത് ശ്രീനുവിന്റെ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു.

സംഭവം നടക്കുന്ന സമയം എല്ലാത്തിനും ദൃക്‌സാക്ഷിയായി ഗൗരിയും സമീപത്ത് ഉണ്ടായിരുന്നു.ശ്രീനു മരിച്ചുവെന്ന് ഉറപ്പായതോടെ പ്രസാദും ഗൗരിയും അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാല്‍ സമീപത്തെ സിസി ടിവി കാമറയില്‍ സംഭവങ്ങളെല്ലാം കൃത്യമായി പതിഞ്ഞിരുന്നു. പ്രസാദ് കൊലപാതകം നടത്തുന്നതും ശേഷം അമ്മയ്‌ക്കൊപ്പം അവിടെനിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസാദിന് ശ്രീനുവിനോട് മുന്‍ വൈരാഗ്യം ഒന്നുമില്ലായിരുന്നുവെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments