കൊല്ലം-കരുനാഗപ്പള്ളിയില്‍ അഭിഭാഷകനെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. കരുനാഗപ്പള്ളി സി.ഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് അഭിഭാഷകര്‍ അവകാശപ്പെട്ടു.
വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ ഈമാസം അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മര്‍ദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാര്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലധികമായി കോടതി നടപടികള്‍ ബഹിഷ്!കരിച്ച് കൊല്ലം ബാര്‍ അസോസിയേഷന്‍ സമരത്തിലായിരുന്നു.
സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം എറണാകുളത്തും ചര്‍ച്ച നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.പ്രതിഷേധത്തിനിടെ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അക്രമിച്ചു. വാക്കിടോക്കിക്കും കേടുപാടുണ്ടായി. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്.
ഇതിനു പിന്നാലെ അഭിഭാഷകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും വരെ കോടതി ബഹിഷ്‌കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.