28.1 C
Kollam
Sunday, December 22, 2024
HomeNewsഎഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി; എകെ ആന്റണി

എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി; എകെ ആന്റണി

എഐസിസി അധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പല കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു ദില്ലി യാത്രയെന്നും എകെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക നീക്കം. ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗലോട്ടിന് പകരം പുതിയ പേരുകളില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെയാണ് ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചത്. രാത്രിയോടെ ആന്റണി ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം.

അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എകെ ആന്റണിയെ ദില്ലിയിലെത്തിച്ച്, സമവായ നീക്കമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തുന്നത്.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സര സാധ്യത തള്ളാതെയായിരുന്നു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. താങ്കള്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 30 വരെ കാത്തിരിക്കണമെന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ മറുപടി. രാജസ്ഥാന്‍ പ്രതിസന്ധിയെക്കുറിച്ച് താന്‍ മറുപടി പറയുന്നില്ലെന്നും ദിഗ്വിജയ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതിനിടെ, അശോക് ഗലോട്ട് സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരുടെ നീക്കം തന്റെ അറിവോടെയല്ലെന്ന് അശോക് ഗലോട്ട് അറിയിച്ചു എന്നാണ് വിവരം. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments