കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സോണിയ അശോക് ഗെലോട്ട് കൂടിക്കാഴ്ച്ചക്ക് പിന്നാലെയാണ് പ്രതികരണം. രാജസ്ഥാനിലെ സംഭവവികാസങ്ങളില്‍ സോണിയ ഗാന്ധിയോട് മാപ്പ് പറഞ്ഞതായും ഗെലോട്ട് പറഞ്ഞു. നെഹ്‌റു കുടുംബവുമായുള്ളത് 50 വര്‍ഷത്തെ ബന്ധമാണെന്നും ഗെലോട്ട് വിശദീകരിച്ചു.
രാജസ്ഥാനിലെ എംഎല്‍എമാരുടെ നീക്കം ഹൈക്കമാന്റും ഗെലോട്ടുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ദില്ലിയിലെത്തിയ അശോക് ഗെലോട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി ശശി തരൂര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
നാളെ പത്രിക നല്‍കുമെന്ന് ദിഗ് വിജയ് സിംഗും വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കാന്‍ വേണ്ടിയാണ് താന്‍ നാമനിര്‍ദേശ പത്രിക വാങ്ങുന്നതെന്ന് വ്യക്തമാക്കിയ ദിഗ് വിജയ് സിങ്, ഹൈക്കമാന്റ് പ്രതിനിധിയാണോ എന്ന ചോദ്യത്തിന് സ്വയം പ്രതിനിധീകരിക്കുന്നുവെന്നാണ് മറുപടി നല്‍കിയത്.
നിലവിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന റിപ്പോര്‍ട്ടുകളെ തള്ളാതെയുള്ള പ്രതികരണമായിരുന്നു ദിഗ്‌വിജയ് സിംഗിന്റേത്. ആരൊക്കെ മത്സരിക്കുമെന്ന കാര്യമറിയാന്‍ നാളെ വരെ കാത്തിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു