27 C
Kollam
Saturday, July 27, 2024
HomeNewsസിപിഐയിലെ വിവാദം; പ്രായപരിധി മാര്‍ഗനിര്‍ദ്ദേശം മാത്രമെന്നു ഡി രാജ

സിപിഐയിലെ വിവാദം; പ്രായപരിധി മാര്‍ഗനിര്‍ദ്ദേശം മാത്രമെന്നു ഡി രാജ

മുമ്പില്ലാത്ത രീതിയില്‍ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പ്രായപരിധി, പദവി വിഷയങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ വിമര്‍ശനമുന്നയിച്ച് സിപിഐ എക്‌സിക്യൂട്ടീവ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരന്‍, കെഇ ഇസ്മയില്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയാണ് എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുണ്ടായത്.

സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങള്‍ ശരിയായില്ലെന്നാണ് എക്‌സിക്യൂട്ടീവിലെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം.

ഇത് പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളില്‍ പാകതക്കുറവുണ്ടായെന്നും എക്‌സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ ഐക്യം എല്ലാവരും ചേര്‍ന്ന് നിലനിര്‍ത്തണമന്ന് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടുസമവായത്തിലെത്തിയെന്ന പ്രതീതി സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എക്‌സിക്യൂട്ടീവ് യോഗത്തിന് പിന്നാലെ വിമര്‍ശനമുന്നയിച്ച നേതാക്കളില്‍ നിന്നുണ്ടായ പ്രതികരണം.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പ്രായ പരിധി നടപ്പാക്കിയാലും ഇല്ലെങ്കിലും പാര്‍ട്ടിയിലുണ്ടാകുമെന്നും കെ ഇ ഇസ്മയില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോയെന്ന ചോദ്യത്തിന് കണിയാനോട് ചോദിക്കണമെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. അതേ സമയം, പ്രായപരിധി കേന്ദ്ര തീരുമാനമാണെന്ന് സി ദിവാകരനും പ്രതികരിച്ചു. പ്രതിനിധി സമ്മേളത്തില്‍ സി ദിവാകരന്‍ തന്നെ പതാക ഉയര്‍ത്താനും ധാരണയായി. നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകില്ലെന്നാണ് സൂചന.

പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള പ്രായ പരിധി മാര്‍ഗനിര്‍ദ്ദേശം മാത്രമാണെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെത്തിയ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രായപരിധി മാനദണ്ഡമെന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സിപിഐയില്‍ രൂക്ഷമായ വിഭാഗീയ പ്രശ്‌നങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി തയ്യാറായിരുന്നില്ല. അതേ കുറിച്ച് സംസ്ഥാന നേതാക്കളുമായി സംസാരിച്ച ശേഷമേ പ്രതികരിക്കാന്‍ കഴിയൂവെന്നായിരുന്നു ഡി രാജയുടെ പ്രതികരണം.

- Advertisment -

Most Popular

- Advertisement -

Recent Comments