തീവ്രവാദ വിഷയത്തിൽ പാകിസ്താനെ നിശിതമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ലെന്ന് പാകിസ്താനെ പരിഹസിച്ച് ജയശങ്കർ പറഞ്ഞു. “ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം” എന്ന വിഷയത്തിൽ വഡോദരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മൾ ഐടിയിൽ വിദഗ്ധരായതുപോലെ നമ്മുടെ അയൽക്കാർ അന്താരാഷ്ട്ര ഭീകരപ്രവർത്തനത്തിൽ വിദഗ്ദ്ധരാണ്. വർഷങ്ങളായി അത് നടക്കുന്നു. എന്നാൽ തീവ്രവാദം തീവ്രവാദമാണെന്ന് നമുക്ക് ലോകത്തോട് വിശദീകരിക്കാൻ കഴിയും.
ഇന്ന് ഞങ്ങൾക്കെതിരെ തീവ്രവാദ ഭീഷണി ഉയർത്തുന്നു. നാളെ അത് നിങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ചെയ്ത രീതിയിൽ മറ്റൊരു രാജ്യവും ഭീകരവാദത്തിൽ ഏർപ്പെടുന്നില്ല. ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ഇത്രയധികം വർഷമായി എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിലുള്ള പ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും തിരിച്ചടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.