26 C
Kollam
Friday, November 15, 2024
HomeMost Viewedകോടിയേരിയെ യാത്രയാക്കാന്‍ പാതയോരങ്ങളില്‍ ആയിരങ്ങള്‍; തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര

കോടിയേരിയെ യാത്രയാക്കാന്‍ പാതയോരങ്ങളില്‍ ആയിരങ്ങള്‍; തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര

സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തിൽനിന്ന് തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര തുടങ്ങി.

കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മുഷ്ടിചുരുട്ടി മുദ്രവാക്യങ്ങളുയര്‍ത്തി അവര്‍ കോടിയേരിയുടെ ഭൗതിക ശരീരത്തെ വരവേറ്റു. കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലശേരിയിലേക്കാണ് വിലാപയാത്ര. ഉച്ചയ്ക്ക് 12.54 ഓട് കൂടിയാണ് കോടിയേരിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിയത്.

കോടിയേരിയുടെ ഭാര്യ വിനോദിനി മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സി പിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍മൃതദേഹം ഏറ്റുവാങ്ങി. തലശേരിയിലേക്കുള്ള വിലാപ യാത്രയില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നുമണിയോടെ മൃതദേഹം തലശേരി ടൗൺഹാളിൽ എത്തിക്കും. രാത്രി പത്ത് വരെ തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തലശേരി ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ എത്തിക്കും.

തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി തിങ്കളാഴ്ച തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലും മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും.

ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കെത്തും.

അര്‍ബുദരോഗബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കോടിയേരി അന്തരിച്ചത്. പാൻക്രിയാസിലെ അർബുദരോഗം മൂർഛിച്ചതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.

കേരള രാഷ്ട്രീയവും കോടിയേരിയും

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്നു. പൊലീസ്–ജയിൽ സേനകളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി എന്നത് ഏറെ ശ്രദ്ധേയം. സമരങ്ങളിലും മറ്റുമായി ജയവാസവും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് സേനയിലും ജയിലിലും അനിവാര്യമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നു.
അതിൽ ഏറ്റവും ശ്രദ്ധ നേടിയ പരിഷ്‌കരണങ്ങളായിരുന്നു സ്റ്റുഡന്റ് പൊലീസ് കെഡറ്റും ജനമൈത്രി പൊലീസുമെല്ലാം. പൊലീസിനെ ഭീതിയുടെ നിഴലിൽ നിർത്തുന്നതിന് പകരം ജനങ്ങളോട് കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ച നേതാവ്. നിരവധി വെല്ലുവിളികളെ നേരിടേണ്ടി വന്നെങ്കിലും എല്ലാം അതിജീവിച്ചു.

ജയിൽ വകുപ്പിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ശിക്ഷ കേന്ദ്രം എന്നതിനപ്പുറത്ത് സർക്കാരിനു വരുമാനമുണ്ടാക്കുന്ന ഉൽപാദന കേന്ദ്രം കൂടിയായി ജയിലിനെ മാറ്റി. ജയിലിലെ ഗോതമ്പുണ്ട എന്ന ക്ളീഷേ ഡയലോഗുകളെ മാറ്റിമറിച്ച് 2 രൂപയ്ക്ക് ജയിൽ ചപ്പാത്തി എന്ന തരംഗമുണ്ടാക്കി.

ജയിലിൽ പുതിയ തൊഴിൽ സാധ്യതകൾ ഉടലെടുത്തു. ജയിൽമോചിതരാവുന്നവർക്കു സ്വന്തമായി തൊഴിലെടുത്തു ജീവിക്കാൻ കഴിയുന്ന സാഹചര്യം വന്നു. തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്ന് ഗോതമ്പുണ്ടയെ ഒഴിവാക്കി. പുതിയ വിഭവങ്ങളുമായി പുതിയ മെനു നിലവിൽ വന്നു. ഇതെല്ലാം കോടിയേരി എന്ന നേതാവിന്റെ പരിഷ്കരണങ്ങളായിരുന്നു. ജയിൽ വകുപ്പിലെ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റി എഴുതാനും കോടിയേരി മുൻകൈയെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments