അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കും – മന്ത്രി കെ. രാജന്‍
ജില്ലയില്‍ അര്‍ഹരായവര്‍ക്കെല്ലാം പട്ടയം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ സാന്നിദ്ധ്യത്തില്‍ ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അപേക്ഷകള്‍ പരിഗണിക്കുന്നതോടൊപ്പം താഴെതട്ടില്‍ നിന്നുള്ള കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമഗ്രമായപഠനം ആദ്യഘട്ടമായി നടത്തും. എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇതിനായി പ്രവര്‍ത്തിക്കും.
തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പാക്കണം. പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണണം. ദീര്‍ഘകാലമായുള്ള കേസുകള്‍ ആറുമാസത്തിനുള്ളില്‍ പരിഹരിക്കുകയും വേണം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയം പ്രായോഗികതലത്തില്‍ എത്തിക്കുന്നതിന് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.
റവന്യൂ വകുപ്പിന്റെ വിവിധ പദ്ധതിപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഡ്രോണ്‍ സര്‍വെ സംബന്ധിച്ച് ബോധവത്കരണം നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഓരോ താലൂക്കുകളില്‍ നിന്നും പട്ടയങ്ങള്‍ക്കായി കിട്ടിയ അപേക്ഷകളുടെ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ മന്ത്രിയെ അറിയിച്ചു.
സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം. എന്‍. സാജിതാ ബീഗം, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് രോഗികള്‍ക്ക് ഇ-സഞ്ജീവനി
കോവിഡ് ബാധിച്ച് ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ആരോഗ്യ വകുപ്പിന്റെ ഇ-സഞ്ജീവനി ഒ.പി.ഡി. ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി ചികിത്സ ലഭ്യമാക്കുന്നതിനുള്ള ആപ്പ് ആണിത്. ഫോണ്‍വഴി കൈമാറുന്ന രോഗലക്ഷണത്തിന് തത്സമയം മരുന്ന് ലഭിക്കുന്നതാണ് സവിശേഷത. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഈ സംവിധാനം പ്രയോജനപ്പെടുന്നവര്‍ക്ക് സൗജന്യമായി മരുന്ന് കിട്ടും.
24 മണിക്കൂറും സേവനനിരതമാണ് സംവിധാനം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജനറല്‍ ഒ.പി രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയുണ്ടാകും. സ്‌പെഷ്യാലിറ്റി ഒ. പി. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും. നിലവില്‍ ചികിത്സയിലുള്ളവര്‍ക്ക് വിവരങ്ങള്‍ ആവശ്യമെങ്കില്‍ ആപ്പ് വഴി അപ്‌ലോഡും ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഒ. പി. തിരഞ്ഞെടുക്കാം. വിഡിയോ കോള്‍ സംവിധാനം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ – 1056. കോവിഡ് സാഹചര്യത്തില്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.
മൃഗക്ഷേമ ദ്വൈവാരാചരണം തുടങ്ങി
മൃഗക്ഷേമ ദ്വൈവാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമ സെമിനാറും ക്വിസ് മത്സരവും അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍ കൊട്ടിയം എന്‍. എസ്. എസ്. കോളേജില്‍ ഉദ്ഘാടനം ചെയ്തു. ജീവജാലങ്ങളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടാണ് വരും തലമുറയുടെ നിലനില്‍പ്പെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങളോടുള്ള എല്ലാത്തരം ക്രൂരതയും അവസാനിപ്പിച്ച് അവയോട് സ്‌നേഹം പുലര്‍ത്തുന്ന സംസ്‌കാരം വീണ്ടെടുക്കേണ്ടതുണ്ടെന്നെും ഓര്‍മിപ്പിച്ചു.
കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. കിഷോര്‍ റാം അധ്യക്ഷനായി. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടര്‍ ഡോ.ഡി. ഷൈന്‍ കുമാര്‍, പ്രഫ. പ്രകാശ് ചന്ദ്രന്‍, അസിസ്റ്റന്റ് പ്രഫ. ആര്‍. ജയലക്ഷ്മി, മനീഷ്, ശ്രീജ, ഡോ. കെ.എസ് സിന്ധു, ഡോ.നീന സോമന്‍, ഡോ. ഷമീമ തുടങ്ങിയവര്‍ പങ്കെടുത്തു. ഗീതുശിവ ക്വിസ് മത്സരം നയിച്ചു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
തൊഴിലവസരം ഉറപ്പാക്കാന്‍ പുതിയ കോഴ്‌സുമായി ചവറ ഐ.ഐ.ഐ.സി
കെട്ടിടനിര്‍മാണ രംഗത്ത് രാജ്യാന്തര തലത്തില്‍ ഉള്‍പ്പടെ അവസരങ്ങളുറപ്പാക്കാന്‍ പുതിയ പാഠ്യപദ്ധതിയുമായി ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി). എം.ഇ.പി സിസ്റ്റംസ് മാനേജ്‌മെന്റ് കോഴ്‌സ് മെക്കാനിക്കല്‍-ഇലക്ട്രിക്കല്‍ ബി.ടെക് പാസായവര്‍ക്കായാണ് തുടങ്ങുന്നത്. 40 സീറ്റാണ് നിലവിലുള്ളത്.
വെന്റിലേഷന്‍ (ഹീറ്റ് മാനേജ്‌മെന്റ് & എയര്‍ സര്‍ക്കുലേഷന്‍ – എച്ച്.വി.എ.സി), ഇലക്ട്രിക്കല്‍ സിസ്റ്റം (പവര്‍ ഗ്രിഡ് മുതല്‍ വിവിധ ഔട്ട്പുട്ടുകള്‍ വരെ), പ്ലംബിങ് (ജലവിതരണവും മലിനജലനിര്‍മാര്‍ജനവും ഉള്‍പ്പെടെ) ഉപയോഗിക്കുന്ന വസ്തുക്കളുടെ നിലവാര പരിശോധന, പ്ലാനിങ് ക്വാളിറ്റി ഉറപ്പുവരുത്തല്‍, ക്വാളിറ്റി ഹെല്‍ത്ത് സേഫ്റ്റി എന്‍വയണ്‍മെന്റ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന കോഴ്‌സാണിത്.
ദേശീയനിലവാരമുള്ള പരിശീലനലാബുകള്‍, വ്യവസായരംഗത്ത് എം.ഇ.പി എന്‍ജിനീയറായി അനുഭവസമ്പത്തുള്ള അധ്യാപകര്‍, തൊഴിലിടങ്ങളില്‍നിന്നു നേരിട്ടു പഠിക്കാന്‍ ഇന്റേണ്‍ഷിപ് സൗകര്യം എന്നിവ കോഴ്‌സിന്റെ പ്രത്യേകതകളാണ്. ജനുവരി 23 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് – www.iiic.ac.in . ഫോണ്‍: 8078980000.
‘ദി സിറ്റിസണ്‍ പദ്ധതി’ : യോഗം ഇന്ന് (ജനുവരി 21)
ജനകീയാസൂത്രണത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് ജില്ലയെ സമ്പൂര്‍ണ ഭരണഘടനാ സാക്ഷരമാക്കുന്നതിന് നടത്തുന്ന ‘ദി സിറ്റിസണ്‍’ പരിപാടിയുടെ ആലോചനാ യോഗം ഇന്ന് (ജനുവരി 21) ഉച്ച കഴിഞ്ഞ് 3.30ന് ഓണ്‍ലൈനായി ചേരും.
ജില്ലാ വികസന സമിതി യോഗം
ജില്ലാ വികസന സമിതി യോഗം ജനുവരി 29ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.
ടെണ്ടര്‍ ക്ഷണിച്ചു
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങളുടെ വിതരണത്തിനായുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ഫോം നേരിട്ടോ മണിയോര്‍ഡറായോ ലഭിക്കും. മണിയോര്‍ഡര്‍ ഫെബ്രുവരി 17ന് മുമ്പ് നല്‍കണം. ഫോം ഫെബ്രുവരി 21 ഉച്ചയ്ക്ക് രണ്ട് മണി വരെ വാങ്ങാം. പൂരിപ്പിച്ച ഫോം പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊല്ലം 691574 വിലാസത്തില്‍ ഫെബ്രുവരി 22 ഉച്ചയ്ക്ക് 2.30ന് മുമ്പ് നല്‍കണം. ഫോണ്‍ – 04742572574.
മണ്ണ് ലേലം
നെടുമ്പന വില്ലേജോഫീസ് പരിസരത്തു നിന്നും മണ്ണ് ജനുവരി 24 പകല്‍ 11.00 മണിയ്ക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് നെടുമ്പന വില്ലേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0474 2742116.
ടെണ്ടര്‍ ക്ഷണിച്ചു
ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റില്‍ ക്യാമറയുടെ വിതരണത്തിനും സ്ഥാപിക്കലിനുമായി ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 24.
ട്രാന്‍സ്ജെന്‍ഡേഴ്‌സ് ക്ലബ്ബ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചു. രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ യുവജന ക്ഷേമബോര്‍ഡ് അംഗം സന്തോഷ് കാല ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് നടാല അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത്‌പ്രോഗ്രാം ഓഫീസര്‍ വി. എസ്. ബിന്ദു, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷബീര്‍, യുവതീ കോ-ഓര്‍ഡിനേറ്റര്‍ മീര എസ്. മോഹന്‍ സെക്രട്ടറി എമി എബ്രഹാം കല്പന, ശ്രെദ്ധ, സ്‌നേഹ, ആര്‍ദ്ര തുടങ്ങിയവര്‍ സംസാരിച്ചു.
റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു
ജില്ലാ സഹകരണ ബാങ്കിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 220/15) റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതായി പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
പുനര്‍ലേലം
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ കേസിലുള്‍പ്പെട്ട കാര്‍ ജനുവരി 28ന് 12 മണിക്ക് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. വിവരങ്ങള്‍ക്ക് – 0474 2764422.
വാഹന ലേലം
ജില്ലാ സായുധ സേനാ ക്യാമ്പിലുള്ള കേസുകളില്‍ ഉള്‍പ്പെട്ട നാല് വാഹനങ്ങള്‍ ജനുവരി 28 രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ക്ക് – 0474 2764422.