26.2 C
Kollam
Friday, November 15, 2024
HomeNewsമുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം; ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം; ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി

മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിൽ രാജ്ഭവന് അതൃപ്തി. സാധാരണ മുഖ്യമന്ത്രിമാ‍ര്‍ വിദേശത്തേക്ക് പോകുമ്പോൾ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങൾ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാൽ രാജ്ഭവന് വിവരം നൽകാതെയാണ് ഇക്കുറി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് യാത്രയ്ക്ക് പോയത് എന്നാണ് രാജ്ഭവൻ്റെ പരാതി.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞലി അ‍ര്‍പ്പിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പൊതുദര്‍ശനത്തിനിടെ കോടിയേരിക്ക് ആദരാജ്ഞലി അര്‍പ്പിച്ച ഗവര്‍ണര്‍ പിന്നീട് മുഖ്യമന്ത്രി അരികിൽ അൽപസമയം ഇരുന്നിരുന്നു. ഈ സമയത്ത് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെയാണ് യൂറോപ്പിലേക്ക് പോകുന്ന കാര്യം ഗവര്‍ണറെ മുഖ്യമന്ത്രി അറിയിച്ചതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.

അതിനിടെ യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ട്. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു നിശ്ചയിച്ചതെങ്കിലും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തെ തുട‍ര്‍ന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. നോർവേയിൽ നിന്നും യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം.

- Advertisment -

Most Popular

- Advertisement -

Recent Comments