ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മത വിഭാഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നാൽപ്പത്തിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖേദ ജില്ലയിൽ നവരാത്രി ആഘോഷത്തിനിടെയുണ്ടായ കല്ലേറിൽ 6 പേർക്ക് പരിക്കേറ്റു.
വഡോദരയിലെ സാൽവി പട്ടണത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് മതവിഭാഗക്കാർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇവിടെയൊരു മുസ്ലീംപള്ളിയുടെ ആഘോഷ പരിപാടികൾ നടക്കാനിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ കൊടി സ്ഥാപിക്കാൻ ഒരുങ്ങിയതാണ് സംഘർഷങ്ങളുടെ തുടക്കം.
പോസ്റ്റിനടുത്ത് ക്ഷേത്രമുള്ളത് ചൂണ്ടിക്കാട്ടി മറുവിഭാഗം എതിർപ്പുമായി എത്തി. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും എത്തി. കൂട്ടമായി കൂടുതൽ പേർ സംഘടിച്ചെത്തിയതോടെ സ്ഥിതി ഗുരുതരമായി. നിരവധി വാഹനങ്ങളും തകർക്കപ്പെട്ടു. പൊലീസ് എത്തിയാണ് അക്രമികളെ പിരിച്ച് വിട്ടത്. ഇരുവിഭാഗത്തിന്‍റെയും പരാതികളിൽ 40ലേറെ പേരെ പിടികൂടി. വഡോദരയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഖേദ ജില്ലയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാന സംഭവം ഉണ്ടായി.
നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് ഗർബ നൃത്തം നടക്കുന്ന ഇടത്തേക്ക് എതിർപ്പ് അറിയിച്ച് തൊട്ടടുത്ത മുസ്ലീം പള്ളിയിൽ നിന്ന് കുറച്ച് പേർ എത്തി. തുടർന്ന് നടന്ന വാക്കുതർക്കം കലാപ സമാന സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു. കല്ലേറിൽ 6 പേർക്ക് പരിക്കേറ്റു, അക്രമികളെ തിരിച്ചറിഞ്ഞെന്നും എല്ലാവരും ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങൾ സംസ്ഥാനമാകെ പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്.
കല്ലേറിൽ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹോം ഗാര്‍ഡുമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമങ്ങളിൽ പങ്കാളികളായ മുഴുവൻ പേരെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.