27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeസ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ്ഷാഫി; റിമാന്‍ഡ് റിപ്പോര്‍ട്ട്

സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ്ഷാഫി; റിമാന്‍ഡ് റിപ്പോര്‍ട്ട്

നരബലി സംഭവം ഏതാണ്ട് ഇതുവരെ

ഇലന്തൂര്‍ നരബലിയുടെ പൈശാചികത വിവരിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ട്. ദേവിപ്രീതിക്കായാണ് സ്ത്രീകളെ കൊലപ്പെടുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്മയെ ഷാഫിയും റോസ്‍ലിയും ലൈലയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പത്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. റോസ്‍ലിയുടെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭഗവല്‍ സിംഗ് മാറിടം മുറിച്ചുമാറ്റി. കേസില്‍ പ്രതികളെ രണ്ടാഴ്‍ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജയിലിലേക്ക് പ്രതികളെ മാറ്റി.

സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിവേൽപ്പിച്ച് ആനന്ദം കണ്ടെത്തിയ ക്രൂരനായ കൊലയാളിയാണ് മുഖ്യപ്രതി ഷാഫി. ആസൂത്രണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ പ്രത്യേക മിടുക്കും വാക‍്‍ചാതുര്യവും ഉണ്ടായിരുന്നു ഷാഫിക്ക്. രണ്ട് വർഷം മുൻപ് കോലഞ്ചേരിയിലെ വൃദ്ധയെ സമാനരീതിയിലാണ് ഷാഫി സ്വകാര്യ ഭാഗത്തടക്കം കത്തി കൊണ്ട് ആക്രമിച്ച് മരണത്തിന്‍റെ വക്കോളമെത്തിച്ചത്.

പതിനാറാം വയസ്സിൽ ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഷാഫി പല ദേശത്ത് പല പേരുകളിലും തങ്ങി. ഇതിനിടയിൽ 8 കേസുകളിൽ പ്രതിയായി. 2020 കോലഞ്ചേരിയിൽ 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് സ്വകാര്യഭാഗം കത്തി കൊണ്ട് മുറിച്ചതാണ് ഇതിന് മുൻപുള്ള ക്രൂരകൃത്യം. തന്‍റെ ലക്ഷ്യം നേടാൻ കഥ മെനയും, പിന്നെ ആവശ്യക്കാരെ കണ്ടെത്തി ക്രൂരത നടപ്പാക്കി ആനന്ദം കണ്ടെത്തും. ഇലന്തൂരിലെ ഇരട്ട നരബലിയിൽ ജീവൻ നഷ്ടമായ സ്ത്രീകളുടെ ശരീരത്തിലും ഇയാൾ കത്തി കൊണ്ട് ക്രൂരത കാട്ടി ആനന്ദം കണ്ടെത്തിയിരുന്നു.

ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിക്കും പത്മയ്ക്കും പുറമെ മറ്റ് സ്ത്രീകളെയും മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടിരുന്നു. പത്തനംതിട്ടയിലെത്താൻ തനിക്കും ഷാഫി അരലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കത്തിമുനയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട റോസ്‍ലിയുടെ സുഹൃത്തായ യുവതി പറയുന്നത്.

വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടു:
നരബലി കേസിലെ പ്രതി ഷാഫിക്കെതിരേ
വെളിപ്പെടുത്തലുമായി മുൻ സുഹൃത്ത്

വണ്ണമുള്ള തമിഴ് സ്ത്രീകളെ വേണമെന്ന് മാസങ്ങൾക്ക് മുമ്പ് ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ഷാഫി തന്നോട് ആവശ്യപ്പെട്ടതായി ബിസിനസുകാരൻ കൂടിയായ മുൻ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
ഭക്ഷണം കഴിക്കുന്നതിന് വേണ്ടി സ്ഥിരമായി പോകുമായിരുന്ന ഒരു ഹോട്ടലിൽ വെച്ചാണ് ഷാഫിയുമായി പരിചയപ്പെട്ടത്. ഇയാൾക്ക് മുൻപ് പണം നൽകി സഹായിച്ചിട്ടുണ്ട്. ഒരിക്കൽ നേരത്തെ പറഞ്ഞ് വെച്ച ഒരു ലോൺ ലഭിക്കാതായതോടെ ഞാനിടപെട്ട് പണമെടുത്ത് നൽകിയിരുന്നു. മൂന്ന് ലക്ഷം രൂപയാണ് ഇത്തരത്തിൽ നൽകിയത്.

മദ്യപിച്ചിരിക്കുന്ന സമയത്ത് ഒരിക്കൽ നിനക്ക് എത്ര കോടി വേണമെന്ന് എന്നോട് ചോദിച്ചു. വണ്ണമുള്ള സ്ത്രീകളുണ്ടെങ്കിൽ കാശ് ലഭിക്കുമെന്നും പറഞ്ഞു. ഒരു സേട്ടിന് വേണ്ടിയാണെന്നും വണ്ണമുള്ള ഒരു സ്ത്രീക്ക് ഒരു കോടി വെച്ച് കിട്ടുമെന്നുമാണ് അന്ന് ഷാഫി പറഞ്ഞിരുന്നത്. ഒന്നോ രണ്ടോ തമിഴ് സ്ത്രീകളെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ സ്ത്രീകൾ പിന്നീട് തിരിച്ച് വരില്ലെന്നും ഷാഫി തന്നെ തന്നോട് വെളിപ്പെടുത്തിയിരുന്നു. സേട്ടിനെ ഷാഫിയുടെ ഭാര്യക്കും പരിചയമുണ്ടെന്ന് ഉറപ്പാണെന്നും സുഹൃത്ത് വ്യക്തമാക്കി.

സ്ത്രീകളുടെ വിഷയം വന്നതോടെ ഇത് കേട്ട് ഞെട്ടി താൻ ബന്ധം അവസാനിപ്പിച്ചു. ഷാഫിക്ക് ഹോട്ടൽ മെച്ചപ്പെടുത്താൻ വായ്പ നേടിയെടുക്കാൻ സഹായിച്ചിരുന്നു. ലഭിച്ച പണമുപയോഗിച്ച് ഷാഫി ജീപ്പ് വാങ്ങി. ഈ ജീപ്പ് ഇരട്ടി വിലക്ക് സേട്ട് വാങ്ങുമെന്നും പറഞ്ഞിരുന്നുവെന്നും മുൻ സുഹൃത്ത് വെളിപ്പെടുത്തി.

ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഭാര്യ നബീസ

ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഭാര്യ നബീസ വെളിപ്പെടുത്തി.
മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കും. എന്നാൽ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു. തൻ്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്.

റോസ്ലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിന് അടുത്ത ലോഡ്ജിൽ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ലെന്ന് അവർ പറഞ്ഞു.

ശ്രീദേവി റഷീദാണെന്ന് വെളിപ്പെട്ടതോടെ ഭഗവൽ സിംഗിന്റെ മനസ് പതറി

ശ്രീദേവിയുമായി മൂന്ന് വർഷത്തോളം നിരന്തരമായി ചാറ്റിങ് നടത്തിയ ഭഗവൽ സിംഗിന്റെ മനസിൽ പ്രണയമായി വളർന്നു. ശ്രീദേവിയെ അയാൾ പൂർണമായും വിശ്വസിച്ചു.
ഒടുവിൽ പൊലീസ് ക്ലബിൽ വെച്ച് ശ്രീദേവി റഷീദാണെന്ന് ഡിസിപി വെളിപ്പെടുത്തിയതോടെ ഭഗവൽ സിംഗിന്റെ മനസ് പതറി. ‘തന്നെ വഞ്ചിച്ചല്ലോ…’ എന്നായിരുന്നു ആ വെളിപ്പെടുത്തലിനോടുള്ള ഭഗവൽ സിംഗിന്റെ പ്രതികരണം.

ശ്രീദേവി, ഷാഫിയെന്ന റഷീദാണെന്ന് മനസിലായതോടെ ഭഗവൽ സിംഗും ലൈലയും തകർന്നു പോയെന്നും പിന്നീട് അവർ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കഥകൾ ഒന്നൊന്നായി പുറത്തുവന്നതോടെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചത്.

ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിന് ജ്യോതിഷത്തിലും വൈദ്യത്തിലും വലിയ താത്പര്യമുണ്ടെന്ന് കരുതിയതാണ് ഭഗവൽ സിംഗിന്റെ ശ്രദ്ധ കിട്ടാൻ കാരണമായത്. കുടുംബ വിവരങ്ങളിൽ തുടങ്ങിയ സൗഹൃദ സംഭാഷണം പിന്നീട് രാജ്യത്തിന് തന്നെ അപമാനമായ കൊലപാതകത്തിലേക്ക് നീങ്ങി.

ഭഗവൽ സിംഗും ലൈലയും തന്നെ വിശ്വസിച്ചുവെന്ന് മനസിലാക്കിയ ശ്രീദേവി പെരുമ്പാവൂരിലെ സിദ്ധനെ പരിചയപ്പെടാൻ ആവശ്യപ്പെട്ടു. അയാളെ പ്രീതിപ്പെടുത്താൻ പറഞ്ഞു. പക്ഷെ പണം നൽകിയായിരുന്നില്ല പ്രീതിപ്പെടുത്തേണ്ടിയിരുന്നത്. ‘ലൈംഗികമായ തൃപ്തി’ ആണ് ശ്രീദേവി ചാറ്റിൽ ഉദ്ദേശിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറയുന്നു. സിദ്ധന്റേതെന്ന പേരിൽ തന്റെ തന്നെ മൊബൈൽ നമ്പറാണ് റഷീദ്, ശ്രീദേവിയെന്ന വ്യാജ പ്രൊഫൈൽ വഴി ഭഗവൽ സിംഗിന് അയച്ചത്.

ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം

സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം. അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. ഇലന്തൂർ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാൻ കേരള പൊലീസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി.

നരബലിക്ക് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: കെ.സുരേന്ദ്രൻ

പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികൾ സമീപകാലത്ത് കേരളത്തിൽ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിലെ പ്രധാന പ്രതി മതഭീകരവാദികളുമായി ബന്ധമുള്ളയാളാണ്.

ഇത് വെറുമൊരു ബലിയല്ലെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഐഎസ് രീതിയിലാണ് കൊലകൾ നടന്നിരിക്കുന്നത്. ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവർ കേരളത്തിൽ ഇപ്പോഴും സജീവമാണ്. ഈ കാര്യങ്ങളെ കുറിച്ച് സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. പിഎഫ്ഐ നിരോധനത്തോട് തണുപ്പൻ സമീപനമാണ് കേരള സർക്കാർ സ്വീകരിച്ചത്.

മതതീവ്രവാദികൾക്ക് ആവശ്യത്തിന് സമയം കൊടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിരോധനത്തിന് ശേഷം പിഎഫ്ഐ പ്രവർത്തകരെ സ്വാഗതം ചെയ്യുകയാണ് സിപിഎമ്മും മുസ്ലിംലീഗും ചെയ്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലാണ് ഈ നരബലികൾ നടന്നത് എന്നതാണ് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ലോകത്തെ ഞെട്ടിച്ച കൊടുംക്രൂരത കാണിച്ച സിപിഎമ്മിന്റെ പ്രാദേശിക നേതാവ് കേരളത്തെ അപമാനിച്ചിരിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം മറുപടി പറയാത്തത്? എന്തുകൊണ്ടാണ് സാംസ്കാരിക കേരളം ഇതിനെതിരെ പ്രതികരിക്കാത്തതെന്ന് മനസിലാകുന്നില്ല. ലിബറലുകൾക്കും അർബൻ നക്സലുകൾക്കും മിണ്ടാട്ടമില്ല. എവിടെയും മെഴുകുതിരി ജാഥയും പ്രതിഷേധങ്ങളും നടക്കുന്നില്ല.

പ്രതികൾ സിപിഎമ്മുകാരനും മതതീവ്രവാദ സംഘക്കാരനുമായതാണ് ഇവരുടെ മൗനത്തിന് കാരണം. നവോത്ഥാന മതിൽ കെട്ടിയവർ തന്നെ നരബലി നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നവോത്ഥാനത്തെ ചവിട്ടി മെതിക്കുകയാണ് സിപിഎം. മാർകിസ്റ്റ് പാർട്ടിയുടെ ലോക്കൽ നേതാക്കൾ ഇയാൾ തങ്ങളുടെ പാർട്ടിക്കാരനാണെന്ന് സമ്മതിച്ചു കഴിഞ്ഞു. എംഎ ബേബി പച്ചക്കള്ളം പറയുകയാണ്.

കേരളത്തിൽ ശവംതീനികൾ ഉണ്ടാകുന്നതിന് കാരണം എന്താണെന്ന് സർക്കാർ പഠിക്കണം. പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതും നരബലി നടത്തുന്നതും കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന വക്താവ് കെവിഎസ് ഹരിദാസ് എന്നിവർ സംബന്ധിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments