25.1 C
Kollam
Wednesday, February 28, 2024
HomeLocalപൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍; മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍; മുഖ്യമന്ത്രി

- Advertisement -

ചവറ ഹൈടെക് സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പിച്ചു
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍: മുഖ്യമന്ത്രി
സാധാരണക്കാരായ ജനവിഭാഗമാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഗുണഭോക്താക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യ ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ പ്രൈമറി സ്‌കൂളായ ചവറ യു.പി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച ആധുനിക കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യകതയാണ് സ്‌കൂളുകള്‍. വിവിധ സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി കക്ഷിരാഷ്ട്രീയമില്ലാതെ ജനങ്ങള്‍ കൈകോര്‍ത്തു. ഇല്ലായ്മയുടെ പര്യായങ്ങളായിരുന്ന വിദ്യാലയങ്ങള്‍ മികവുറ്റതായി. പൊതു വിദ്യാലയങ്ങളില്‍ അക്കാദമിക നിലവാരം ഉയര്‍ന്നു. പത്ത് ലക്ഷത്തിനാല്‍പ്പത്തി എണ്ണായിരം കുട്ടികളാണ് പൊതുവിദ്യാലയത്തില്‍ ആറ് വര്‍ഷ കാലയളവില്‍ വര്‍ധിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സുജിത്ത് വിജയന്‍ പിള്ള എം. എല്‍. എ അധ്യക്ഷനായി. നാടിന്റെ ആധുനിക മുഖമായി ചവറ സൗത്ത് സര്‍ക്കാര്‍ യുപിഎസ് മാറുകയാണെന്ന് എം എല്‍.എ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനവും നടന്നു. എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യപ്രഭാഷണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരന്‍, ഹെഡ്മിസ്ട്രസ് എസ്.കൃഷ്ണകുമാരി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്
വയോജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ ശങ്കേഴ്‌സ് ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ക്കെതിരെ കൃത്യമായി പരാതി നല്‍കാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പരായ 14567 പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് അംഗം പി. സുന്ദരന്‍ അധ്യക്ഷനായി. സ്‌പെഷ്യല്‍ ഹെല്‍ത്ത് പാക്കേജ് ലോഞ്ചിങ് സബ് കലക്ടര്‍ നിര്‍വഹിച്ചു .
രജിസ്‌ട്രേഷന്‍ സൗജന്യമായി നല്‍കി. ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ടയൂറോളജി, ഇ.എന്‍.ടി, ഡയറ്റീഷ്യന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സൗജന്യ സേവനം, ലബോറട്ടറി പരിശോധനയില്‍ 20 ശതമാനം ഇളവ്, ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് സര്‍ജറി ഫീസിന്റെ 25 ശതമാനം ഇളവ് എന്നിവയും ലഭ്യമാക്കി.
മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ കിയോസ്‌കില്‍ സബ്കലക്ടര്‍ 2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും നിയമപ്രകാരമുള്ള പുതിയ പരാതികള്‍ സ്വീകരിച്ചു.
ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് അംഗം അനില്‍ മുത്തോടം, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മീന അശോകന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം എന്‍. ചന്ദ്രശേഖരന്‍ പിള്ള, ഫീല്‍ഡ് റെസ്‌പോണ്‍സ് ലീഡര്‍ വിശാല്‍ പി. തോമസ്, ഫീല്‍ഡ് റെസ്‌പോണ്‍സീവ് ഓഫീസര്‍ എല്‍. അശ്വതി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. ശ്യാംപ്രസാദ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എം. സി. തോമസ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ കിറ്റ് വിതരണം
കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ നഷ്ടമായ 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള ‘പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍’ പദ്ധതിയുടെ ഭാഗമായ ജില്ലാതല കിറ്റ് വിതരണം ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ചേംബറില്‍ നിര്‍വഹിച്ചു. ഏഴു കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം കിട്ടിയത്. ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം എന്നിവയിലൂടെ കുട്ടികളെ ശാക്തീകരിച്ച് 23 വയസ്സ് തികയുമ്പോള്‍ സാമ്പത്തിക പിന്തുണയോടെ സ്വയംപര്യാപ്തമായ നിലനില്‍പ്പിന് സജ്ജമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലാ വനിതാ ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്ന വേളയില്‍ 10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് സ്ഥിരനിക്ഷേപമായും 23 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പിന്‍വലിക്കാവുന്ന രീതിയിലാണ് നടപടിക്രമം. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സേവിങ്‌സ് ബാങ്കുകളിലാണ് തുക നിക്ഷേപിക്കുന്നത്.

തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ വിരമിച്ചു
റവന്യു വകുപ്പില്‍ മുപ്പത്തിയേഴര വര്‍ഷത്തെ സുദീര്‍ഘസേവനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. ആര്‍. ഗോപാലകൃഷ്ണന്‍ ഇന്ന് വിരമിച്ചു . എ.ഡി.എം, കൊല്ലം, വര്‍ക്കല തഹസില്‍ദാര്‍ തുടങ്ങി വിവിധ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ചുമതല തിരുവനന്തപുരത്താണ് നിര്‍വഹിച്ചത്. കലക്‌ട്രേറ്റ് സ്റ്റാഫ് കൗണ്‍സിലും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഘടനയും ജീവനക്കാരും ചേര്‍ന്ന് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണ് യാത്രയഅയപ്പ് നല്‍കിയത്.

കെ. പി. ഗിരിനാഥ് മെയ് 31 വിരമിക്കുന്നു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ 35 വര്‍ഷത്തെ സേവനങ്ങള്‍ക്കു ശേഷം ജൂനിയര്‍ സൂപ്രണ്ട് കെ.പി. ഗിരിനാഥ് കൊല്ലം കളക്ട്രേറ്റില്‍ നിന്നും മെയ് 31 വിരമിക്കുന്നു. തെക്കേവിള മാടന്‍നട സ്വദേശിയാണ്. സത്സേവനത്തിനും, മികച്ച വില്ലേജ് ഓഫീസര്‍ക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

നവകേരളത്തിന് ജനകീയ ആസൂത്രണം
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ ശില്പശാല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ശില്പശാല ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ നടന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ജിജു പി. അലക്‌സ് പതിനാലാം പഞ്ചവത്സര പദ്ധതി- പൊതുലക്ഷ്യങ്ങള്‍, ജില്ലയുടെ വികസന സാധ്യതകളും മുന്‍ഗണന നല്‍കേണ്ട മേഖലകളും എന്ന വിഷയത്തില്‍ ശില്പശാല നയിച്ചു.
പതിനാലാം പഞ്ചവത്സരപദ്ധതി മുന്നോട്ടുവെയ്ക്കുന്ന പൊതുലക്ഷ്യങ്ങളും മുന്‍ഗണനകളും പ്രത്യേകം പരിഗണിച്ച് ജില്ലയിലെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതിരൂപീകരണ പ്രവര്‍ത്തനം നടപ്പിലാക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ബിജു പി. അലക്‌സ് ഓര്‍മ്മിപ്പിച്ചു.
പദ്ധതി രൂപീകരണ മാര്‍ഗ്ഗരേഖ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ടി. എല്‍. അനില്‍കുമാര്‍ അവതരിപ്പിച്ചു. വാര്‍ഷിക പദ്ധതി പുരോഗതി ചെലവില്‍ മുന്നിലെത്തിയ തദ്ദേശസ്ഥാപനങ്ങള്‍, ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, ആസൂത്രണ സമിതി അംഗങ്ങളായ അനില്‍ എസ്. കല്ലേലിഭാഗം, എന്‍.എസ് പ്രസന്നകുമാരി, ജില്ലാ പ്ലാനിങ് ബോര്‍ഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാറ്റാടിമല – വേളാങ്കണ്ണി – ഒരിയൂര്‍ തീര്‍ത്ഥാടന യാത്ര
കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തില്‍ വേളാങ്കണ്ണി, കാറ്റാടിമല, ഒരിയൂര്‍ തീര്‍ത്ഥാടന യാത്ര. കാറ്റിടിമല സന്ദര്‍ശിച്ചതിനു ശേഷം വൈകിട്ട് വേളാങ്കണ്ണിയിലെത്തി തങ്ങി, അടുത്ത ദിവസം രാവിലെ ഒമ്പത് മണിക്കുള്ള മലയാളം കുര്‍ബാനയും കഴിഞ്ഞു ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ടു വൈകിട്ട് ഒരിയൂര്‍ പള്ളിയില്‍ എത്തിച്ചേരും. പിറ്റേ ദിവസം രാവിലെ അഞ്ചു മണിക്ക് കൊല്ലത്ത് എത്തും. അടുത്ത യാത്ര ജൂണ്‍ നാലിന്. ടിക്കറ്റ് നിരക്ക്-2200 രൂപ. ബുക്കിംഗിന് – 8921950903, 8921552722.

തീറ്റപ്പുല്‍കൃഷി പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ തീറ്റപ്പുല്‍ കൃഷി പരിശീലനത്തിന്റെ ക്ലാസ് റൂം പരിശീലന പരിപാടി ജൂണ്‍ മൂന്ന്, നാല് തീയതികളില്‍. ജൂണ്‍ രണ്ട് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് 8075028868, 9847437232, 04762698550 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് പ്രവേശനം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് (രണ്ട് ഡോസ്) എന്നിവ ഹാജരാക്കണം.

റാങ്ക് പട്ടിക റദ്ദായി
വിദ്യാഭ്യാസ വകുപ്പില്‍ അറബിക് പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വജ് ടീച്ചര്‍ തസ്തികയുടെ (കാറ്റഗറി നം. 230/2016) 2019 മാര്‍ച്ച് 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2022 മാര്‍ച്ച് 26ന് പൂര്‍ത്തിയായി പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഫെസിലിറ്റേഷന്‍ സെന്റര്‍
വ്യവസായ മേഖലയിലെയും മറ്റ് ചെറുകിട സംരംഭങ്ങള്‍ക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കുന്ന പഞ്ചായത്ത് ലൈസന്‍സ്, മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ലൈസന്‍സ് എന്നിവയ്ക്കും മറ്റ് വകുപ്പുകളിലും ഏജന്‍സികളിലും നിന്ന് നേടേണ്ട എന്‍.ഒ.സികള്‍/അനുമതികള്‍ എന്നിവയ്ക്കും അപേക്ഷിക്കുന്നതിന് താലൂക്ക് വ്യവസായ ഓഫീസുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.
ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസുകളില്‍ സൗകര്യം ലഭ്യമാണ്. പുതിയ സംരംഭങ്ങള്‍ക്ക് ആവശ്യമായ അനുമതി, നിലവിലുള്ളവ പുതുക്കുന്നതിന്, വ്യവസായ യൂണിറ്റുകള്‍, സേവന സംരംഭങ്ങള്‍, വ്യാപാര സംരംഭങ്ങള്‍ എന്നിവയ്ക്ക് കെ-സ്വിഫ്റ്റ് സംവിധാനത്തിലൂടെ അപേക്ഷിക്കാം. സ്ഥാപന ഉടമയുടെ പാന്‍ കാര്‍ഡ്, സംരംഭത്തിന്റെ കെട്ടിട നമ്പര്‍, കെട്ടിട നികുതി രസീത്, വാടക കരാര്‍ ഫീസ് ഒടുക്കുന്നതിനായി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് സഹിതമാണ് വേണ്ടത്. ഫോണ്‍: കൊല്ലം-9495608943, 9605408305, കരുനാഗപ്പളളി- 8281338434, പത്തനാപുരം- 9544973627, കൊട്ടാരക്കര -8281190462.

ഗ്രാമശ്രീ കോഴികളുടെ വിതരണം
പെരുമ്പുഴ പുനുക്കന്നുര്‍ മൃഗാശുപത്രിയില്‍ ജൂണ്‍ രണ്ടിന് രാവിലെ 10 മണി മുതല്‍ ഒരു മണിവരെ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറിയില്‍ ഉത്പാദിപ്പിച്ച 45-60 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴികള്‍ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. 8848436471, 9497533879 നമ്പരുകളില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യണം.

മൈനിങ്ങ് ഏരിയയിലെ കുരുന്നുകള്‍ക്ക് സമ്മാനമൊരുക്കി കെ.എം.എം.എല്‍
സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുഖേന നടത്തുന്ന അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മൈനിങ്ങ് ഏരിയയിലെ കുരുന്നുകള്‍ക്ക് പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ.എം.എം.എല്‍. സമ്മാനങ്ങള്‍ നല്‍കി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ പരിസരവാര്‍ഡുകളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
ബാഗ്, കുട, ടിഫിന്‍ബോക്സ്, വാട്ടര്‍ബോട്ടില്‍, പുസ്തകം, കളര്‍ പെന്‍സിലുകള്‍ തുടങ്ങിയവയാണ് സമ്മാനിച്ചത്. 145 കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി സുധീഷ്‌കുമാര്‍, പന്മന പഞ്ചായത്ത് പ്രസിഡന്റ് ഷമി. എം, എം.എസ് യൂണിറ്റിലെ പേഴ്സണല്‍ മാനേജര്‍ സി.പി. ഹരിലാല്‍, കമ്മ്യൂണിറ്റി ഡവലപ്മെന്റ് മാനേജര്‍ ഡോ. അനില്‍ മുഹമ്മദ്, മൈന്‍സ് മാനേജര്‍ അനില്‍കുമാര്‍, പ•ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയില്‍ സേതുക്കുട്ടന്‍, പഞ്ചായത്ത് അംഗങ്ങളായ ലിന്‍സി ലിയോണ്‍സ്, സുകന്യ, ജയചിത്ര, ആന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

ടെണ്ടര്‍ ക്ഷണിച്ചു
ശാസ്താംകോട്ട അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷക്കാലം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ നാല്. ഫോണ്‍- 04762834101, 9847539998, 9809787317.

- Advertisment -

Most Popular

- Advertisement -

Recent Comments