കോഴിക്കോട് കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി. അപകടം നടക്കുമ്പോൾ ബസ്സിന് പെർമിറ്റ് ഇല്ലായിരുന്നു എന്നതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. സ്കൂൾ അധികൃതർ പെർമിറ്റ് പുതുക്കിയത് ഇന്നലെ രാത്രി 7. 24ന്.
ഈ വർഷം ആഗസ്റ്റിലാണ് ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രം ഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെർമിറ്റ് പുതുക്കാൻ സ്കൂൾ അധികൃതർ അപേക്ഷ നൽകിയിരുന്നു എന്നും 7500 രൂപ പിഴതുക ഈടാക്കി എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.
വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് കേസ് എടുത്തു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്