വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മോഷണകുറ്റമാരോപിച്ച് ദളിത് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിലെ ഗിരീഷിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോപണം തെറ്റെന്നും ഗിരീഷിനെ മര്‍ദിച്ചിട്ടില്ലെന്നുമാണ് ബത്തേരി പൊലീസിന്റെ വിശദീകരണം.
അമ്പലക്കുന്ന് പ്രദേശത്തെ വീട്ടില്‍ നടന്ന മോഷണക്കേസിലാണ് ബത്തേരി പൊലീസ് ഗിരീഷിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. സ്റ്റേഷനില്‍ എത്തിയ ഗിരീഷിനെ കുറ്റമേല്‍ക്കാന്‍ ആവശ്യപ്പെട്ട് എസ്‌ഐയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.
മര്‍ദനത്തില്‍ കഴുത്തിന് പരുക്കേറ്റ ഗിരീഷ് നിലവില്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ച് അവശനക്കിയ ശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി വിട്ടുവെന്നും ഗിരീഷ് പറഞ്ഞു.എന്നാല്‍ ഗിരീഷിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ബത്തേരി പൊലീസിന്റെ വിശദീകരണം. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.സി എസ് ടി കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ഗിരീഷിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.