കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന്‍ വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍ പ്രതിയായ അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിക്കോട് ജംഗ്ഷനില്‍ പെയിന്‍റ് വാങ്ങാന്‍ പോയിരുന്ന സമയത്താണ് ജാമ്യത്തിലിറക്കാന്‍ വരണമെന്ന് പറഞ്ഞ് മണികണ്ഠന്‍ എന്ന പോലീസുകാരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിഘ്നേഷിനെ വിളിക്കുന്നത്.
സ്റ്റേഷനിലെത്തിയപ്പോള്‍ ജാമ്യം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പി.എസ്.സി പോലീസ് റാങ്ക് ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നില്‍ക്കാന്‍ കഴിയില്ലെന്നറിയിച്ച് വിഘ്നേഷ് പുറത്തേക്കിറങ്ങുകയുണ്ടായി. ഈ സമയത്താണ് വിഘ്നേഷിനെ അന്വേഷിച്ച് സഹോദരന്‍ സൈനികനായ വിഷ്ണു പോലീസ് സ്റ്റേഷനില്‍ എത്തുന്നത്.
സ്റ്റേഷനു മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്ന പ്രകാശ് ചന്ദ്രന്‍ എന്ന പോലീസുകാരന്‍ വിഷ്ണുവിന്‍റെ കരണത്തടിക്കുകയായിരുന്നു. വിഘ്നേഷിനെയും വിഷ്ണുവിനെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ഇവരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്.എച്ച്.ഒയും എസ്.ഐയും ഈ സമയത്ത് എത്തുകയും തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്നവര്‍ ഇരുവരെയും അതിഭീകരമായി മര്‍ദ്ദിക്കുകയും എംഡിഎംഐ കേസില്‍ പ്രതി ചേര്‍ക്കുകയും കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലാകുകയും ചെയ്തു.
അകാരണമായ പോലീസ് മര്‍ദ്ദനത്തിനെതിരെ വിഘ്നേഷ്, മുന്‍ മന്ത്രി ജെ.മേഴ്സികുട്ടിയമ്മ, ഡിവൈഎഫ്ഐ നേതാക്കളായ എസ്.ആര്‍.അരുണ്‍ബാബു, ശ്യാംമോഹന്‍, കൊറ്റങ്കര എല്‍സി സെക്രട്ടറി ധര്‍മ്മരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് വിഘ്നേഷിന്‍റെ പരാതി പാര്‍ടി ജില്ലാ സെക്രട്ടറി എസ്.സുദേവന്‍, ഡിവൈഎഫ്ഐ നേതാക്കളായ ചിന്താ ജെറോം, ശ്യാംമോഹന്‍, പാര്‍ടി കൊല്ലം ഈസ്റ്റ് ഏരിയാ സെക്രട്ടറി എസ്.പ്രസാദ് എന്നിവര്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്യുകയും ഉണ്ടായി. കേരളത്തിലെ ക്രമസമാധാനം മെച്ചപ്പെട്ട നിലയില്‍ പരിപാലിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ട് പിടിക്കുന്നതിനും, പ്രകൃതി ക്ഷോഭം കോവിഡ് മഹാമാരി തുടങ്ങിയ അവസരങ്ങളില്‍ ജനവിശ്വാസം ആര്‍ജ്ജിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസിന്‍റെ സല്‍പ്പേരിന് അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ ഉണ്ടായത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് എസ്.സുദേവന്‍ ആവശ്യപ്പെട്ടു.