26 C
Kollam
Friday, November 14, 2025
HomeNewsCrimeപാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിയുടെ കസ്റ്റഡിക്ക് അപേക്ഷ നൽകും

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്; പ്രതിയുടെ കസ്റ്റഡിക്ക് അപേക്ഷ നൽകും

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തും പ്രതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ സാക്ഷികൾ. ഞായറാഴ്ച കോടതി അവധിയായതിനാൽ തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്പോഴാണ് പ്രതിയെ വിട്ടുകിട്ടാനുള്ള കസ്റ്റഡി അപേക്ഷ കൊടുക്കുക.

കസ്റ്റഡിയിൽ കിട്ടിയ ശേഷം പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം വിഷ്ണുപ്രിയയുടെ സംസ്കാരം നടക്കുന്നതിനാലാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതി പിടിയിലായപ്പോൾ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്താനായത് പൊലീസിന് നേട്ടമാണ്. ഇനി, ചുറ്റിക, കയ്യുറ, മാസ്ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവർ, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തണം. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിൻ്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.

ഇനി ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കും. വിഷ്ണുപ്രിയയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ ശ്യാംജിത്ത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. അയാളുടെയും മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പഴുതടച്ച കുറ്റപത്രമൊരുക്കാൻ തന്നെയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്.

- Advertisment -

Most Popular

- Advertisement -

Recent Comments