കൊല്ലം സിവിൽ സ്റ്റേഷന് സമീപമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തനം. പടയോട്ടത്തിൽ തകർന്നു കിടന്ന ആനന്ദവല്ലീശ്വരം വേലുത്തമ്പിയുടെ രേഖയിൽ “പുതുകുളങ്ങര ശിവക്ഷേത്ര “മെന്നും അതിന് മുൻപ് ” തൃക്കണ്ണപുരം” ശിവക്ഷേത്രമെന്നും അറിയപ്പെട്ടിരുന്നു.
യഥാർത്ഥത്തിൽ ഇത് ഒരു ശിവക്ഷേത്രമാണ്. ദേവിയെക്കൂടി പ്രതിഷ്ഠിച്ച ശേഷം ആനന്ദവല്ലീശ്വരമെന്ന നാമകരണം നടത്തിയത് വേലുത്തമ്പിയാണ്. ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് നടന്ന പുനർ നിർമ്മാണ നാമകരണ വിഷയങ്ങളെ സംബന്ധിച്ച വേലുത്തമ്പിയുടെ നീട്ട് :
” കൊല്ലത്ത് 922-ാമാണ്ട് പട കേറിയാറെ പുതുക്കുളങ്ങര ശിവക്ഷേത്രം അഴിഞ്ഞു കിടക്ക കൊണ്ട് കല്പന വരികയും വേലായുധൻ ചെമ്പകരാമനായിട്ട് ക്ഷേത്രം പണിയും തീർപ്പിച്ചു കലശം ആട്ടം കഴിപ്പിക്കുന്നതിന് യോഗത്തിൽ അവർകൾ ചെന്നിരുന്ന് കഴിപ്പിക്കണമെന്നു എഴുതി വന്ന നീട്ടിന്റെ പകർപ്പ് :
” 981-ാമാണ്ട് ചിത്തിര മാസം ഒന്നാം തീയതി കൊല്ലത്ത് വൈഷ്ണവ ക്ഷേത്രങ്ങളായിട്ടും ശിവ ക്ഷേത്രങ്ങളായിട്ടും പലതും ഒണ്ടായിരുന്നത് 922-ാമാണ്ട് പട കാലത്ത് ചേതം വന്നു പോക കൊണ്ട്, ദേവസ്വം വകയായിട്ടൊള്ള നിലവും പുരയിടവും പണ്ടാരമായിട്ടു കരേറി. ഇപ്പോൾ അവിടെയൊള്ള ക്ഷേത്രങ്ങളിൽ ഭജനത്തേയും നേരാകുംവണ്ണം കഴിയാതെ കിടക്ക കൊണ്ടും ശേഷമൊള്ള സ്ഥലങ്ങളിലൊക്കെയും കോയിക്കൽ കൊട്ടാരങ്ങൾ വെപ്പിച്ചിരിക്കുന്നതിനു സമീപം ക്ഷേത്രങ്ങ ഒണ്ടാകകൊണ്ടും കൊല്ലത്ത് പുതുക്കുളങ്ങര കെട്ടിവച്ചിരിക്കുന്ന കൊട്ടാരത്തിന്റെ വായു കോണിൽ മുമ്പിനാലെ ഒഴിഞ്ഞു കിടന്ന ശിവ ക്ഷേത്രം പണി ചെയ്യിച്ചു മേടമാസം ഇരുപതാം തീയതി കർക്കടകം രാശി കൊണ്ട് മൂലബിംബത്തുക്കലേക്കു നവീകരണവും കല്പിച്ച് അവിടെ കൂടി പ്രതിഷ്ഠിക്കുന്നതിനായിട്ട് തിരുവനന്തപുരത്തു വച്ച് പണി തീർപ്പിച്ച ആനന്ദവല്ലി അമ്മന്റെ ബിംബത്തിനെയും ശേഷം ഉപദേവന്മാരുടെ ബിംബങ്ങളെയും പ്രതിഷ്ഠിച്ചു കലശവും കല്പിച്ച് പൂജയ്ക്കും ഉത്സവത്തിനും വകവിടത്തക്ക വണ്ണവും പുതുക്കുളങ്ങര ആനന്ദവല്ലീശ്വരമെന്നും അവിടെയുള്ള കൊട്ടാരത്തിന് പെരുമാൾ കൊട്ടാരമെന്നും പേരിടത്തക്കവണ്ണവും നിശ്ചയിച്ചു പഞ്ച ദേശങ്ങളെയും തൃശ്ശിവപേരൂർ തിരുനാവരങ്ങു യോഗത്തിലും ഒള്ള ആളുകളെയും സന്യാസി മാരെയും വൈദികന്മാരെയും മാമ്പളളിയെയും രണ്ടു വക ജനത്തിനെയും നാട്ടാരെയും അവിടെ എത്തിച്ചിരിക്ക കൊണ്ടും ഇരുപതാം തീയതി കാലത്ത് കൊല്ലത്ത് എത്തിക്കൊളളുകയും വേണം എന്നും ഈ ചെയ്തി ചൊല്ലി തിരുവനന്തപുരത്ത് സഭയിൽ അവർകൾക്ക് നീട് എഴുതി വിട്ടു എന്നു തിരുവുള്ളമായ നീട്ട്”
ഇതാണ് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തെ പറ്റിയുള്ള രേഖ. പേരു കൊണ്ട് ദേവീക്ഷേത്രമെന്നു ധാരണ വരാമെങ്കിലും പ്രധാന പ്രതിഷ്ഠ ശിവൻ തന്നെയാണ്. ദേവിയെയും കൂടി വേലുതമ്പി ദളവ പ്രതിഷ്ഠിക്കുകയാണുണ്ടായത്.
കടപ്പാട് : ചേരിയിൽ സുകുമാരൻ നായർ
(ഡയറക്ടർ, കൊല്ലം ഹിസ്റ്ററി സെന്റർ)