മലയാള കവിതയുടെ കാഞ്ചനകാന്തി തേച്ചുമിനുക്കിയ അനശ്വരകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് കൊല്ലവുമായി ആത്മ ബന്ധമുണ്ടായിരുന്നു. ‘വാഴക്കുല’ എന്ന കാവ്യ മധുരിമ മലയാളസാഹിത്യത്തിൽ പകർന്നു നൽകിയത് ഓച്ചിറയുടെ മണ്ണിൽനിന്നാണ്. വാഴക്കുലയുടെ ജനനത്തെക്കുറിച്ച് കെ കേശവൻപോറ്റി ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട 1941 കാലം. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും മൂർധന്യത്തിലെത്തി നിൽക്കുന്നു. അഭ്യസ്തവിദ്യർ പോലും തൊഴിലില്ലാതെ കഷ്‌ടപ്പെട്ടിരുന്നു. അക്കാലത്ത് കായംകുളത്ത് കുറെ ചെറുപ്പക്കാർ ചേർന്ന് റോബർട്ട് എന്നൊരു സായിപ്പിൻ്റെ കെട്ടിടത്തിൽ ‘എക്സൽസിയർ’ എന്ന പേരിൽ ട്യൂട്ടോറിയൽ തുടങ്ങി. കെ കേശവൻപോറ്റിയും കാഞ്ഞിരപ്പള്ളി മാത്യു ഇടിക്കുള എംഎയും മറ്റു മായിരുന്നു നേതൃനിരയിൽ. സഹപാഠിയായിരുന്ന ചങ്ങമ്പുഴ കൃഷ്‌ണപിള്ളയെ അധ്യാപകനാകാൻ മാത്യു ഇടിക്കുള ക്ഷണിച്ചു. എം എ പാസായി തൊഴിൽ തേടി അലഞ്ഞിരുന്ന ചങ്ങമ്പുഴ ക്ഷണം സ്വീകരിച്ചു. ചങ്ങമ്പുഴയുടെ കാൽപ്പനിക കവിതകൾ യുവാക്കളുടെ ഹരമായിരുന്ന കാലമായിരുന്നു അത്.
ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം
അധ്യയനത്തിനു ശേഷം ദിവസവും സന്ധ്യകഴിഞ്ഞ് മൂവർസംഘം ഓച്ചിറ പടനിലത്ത് ഒത്തുകൂടുമായിരുന്നു. ഈ വിവരമറിഞ്ഞ് അന്ന് കഥാപ്രസംഗകലയിൽ ചുവടുറപ്പിച്ചു തുടങ്ങിയിരുന്ന സി ജി ഗോപിനാഥ് ചങ്ങമ്പുഴയുടെ ഒരു കവിത കഥാപ്രസംഗമാക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കേശവൻപോറ്റിയുടെ സുഹൃത്തായിരുന്നു ഗോപിനാഥ്. ഈ ആവശ്യമാണ് കാൽപ്പനികതയുടെ അനശ്വരശോഭ വഴിഞ്ഞൊഴുകിയ ‘വാഴക്കുല’ എന്ന കാവ്യത്തിന്റെ സൃഷ്ടിക്ക് പ്രേരണയായത്. പിൽക്കാലത്ത് ‘വാഴക്കുല’ അനേകായിരം ഇടതു പക്ഷയോഗങ്ങളിൽ സി ജി ഗോപിനാഥ് കഥാപ്രസംഗമായി അവതരിപ്പിച്ചു.