25.8 C
Kollam
Wednesday, September 18, 2024
HomeRegionalCulturalകൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം

കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം

കൊല്ലം ജില്ലയ്ക്ക് പ്രൗഢമായ നാടക പാരമ്പര്യമാണുള്ളത്. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത പ്രദേശമാണ് ഓണാട്ടുകര. ഓച്ചിറ കുട്ടീശ്വരൻ, ഓച്ചിറ വേലുക്കുട്ടി, ഓച്ചിറ ചെല്ലപ്പൻപിള്ള, ഓച്ചിറ ശങ്കരൻകുട്ടിനായർ, തേവലക്കര കുഞ്ഞൻപിള്ള എന്നിവരൊക്കെത്തന്നെ ഓണാട്ടുകരയുടെ കേന്ദ്രസ്ഥാനമായ ഓച്ചിറയുമായി ബന്ധപ്പെട്ട് പ്രശസ്തി തെളിയിച്ച കലാകാരന്മാരാണ്. അക്കാലത്ത് ഏറെ ജനപ്രീതി നേടിയ നാടകരൂപമായിരുന്നു ശാകുന്തളം. തിരുവട്ടാർ നാരായണപിള്ളയായിരുന്നു നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സംഗീതം നൽകിയതും. കായംകുളം ബബ്ലൻ ഭട്ടരും ഓച്ചിറ കുട്ടീശ്വരനും അക്കാലത്ത് ഏറെ പ്രസിദ്ധരായിരുന്നു.

ഓച്ചിറ വേലുക്കുട്ടിയുടെ ഉടമസ്ഥതയിൽ തുടങ്ങിയ ഓച്ചിറ പരബ്രഹ്മോദയ നാടകസഭയായിരുന്നു ഓണാട്ടുകരയിലെ ആദ്യത്തെ പ്രശസ്തമായ നാടകക്കമ്പനി. സ്വാമി ബ്രഹ്മവ്രതന്റെ പ്രയാർ കോയിപ്പുറത്ത് കുട്ടനാശാൻ ‘കരുണ’ എന്ന നാടകം
അവതരിപ്പിച്ചതോടെയാണ് ഇതിന്റെ പ്രശസ്തി ഉയർന്നത്. പൊട്ടക്കന്നേത്ത് വേലുപ്പിള്ളയും അഞ്ചൽ രാമകൃഷ്ണ പിള്ളയുമായിരുന്നു ചുമതലക്കാർ. ചരിത്രപ്രസിദ്ധമായ ‘കരുണ’ നാടകം ആദ്യമായി രംഗത്ത് അവതരിപ്പിച്ചത് കുഴിയിൽ നാണുപിള്ളയുടെ നേതൃത്വത്തിലായിരുന്നു. കരുണയിലെ ഉപഗുപ്‌തന് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും വാസവദത്തയ്ക്ക് ഓച്ചിറ വേലുക്കുട്ടിയുമാണ് ഭാവം പകർന്നത്. ശ്രീകൃഷ്ണനെ അവതരിപ്പിച്ചതാകട്ടെ തേവലക്കര കുഞ്ഞൻപിള്ളയും. തുടർന്ന് മുതുകുളം കലാവിലാസിനി എന്ന ഗദ്യനാടക അഭിനയസമിതി ‘അനാർക്കലി’യിലൂടെ പ്രചാരം നേടി. അക്ബർ ശങ്കരപ്പിള്ള, അനാർക്കലി വാസുദേവൻ, കാസിം അപ്പുക്കുട്ടൻപിള്ള, സോഫി കാർത്തികേയൻനായർ തുടങ്ങിയവർ കലാവിലാസിനിയിലൂടെ പ്രശസ്തി നേടിയ നടന്മാരായിരുന്നു.

ആധുനിക നാടകവേദിയുടെ ചരിത്രത്തിന് ഓച്ചിറ വേലുക്കുട്ടിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും സ്വാമി ബ്രഹ്മവ്രതനും അക്ബർ ശങ്കരപ്പിള്ളയും മുതുകുളം രാഘവൻപിള്ളയും തേവലക്കര കുഞ്ഞൻപിള്ളയും നൽകിയ സംഭാവന വിസ്മരിക്കാനാകില്ല. നടന്മാർ തന്നെ പാടി അഭിനയിച്ചിരുന്ന അക്കാലത്ത നാടകം അവതരിപ്പിച്ചിരുന്നത് പെട്രോൾ മാക്സിന്റെ വെളിച്ചത്തിലായിരുന്നു. ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രീവേഷങ്ങൾ ഏറെ പ്രസിദ്ധമായിരുന്നു. ഓച്ചിറ പരബ്രഹ്മോദയനാടന് സഭയുടെ നാടകങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച വേലുക്കുട്ടി ഏറെ ജനകീയനായി. അദ്ദേഹത്തിന്റെ അമ്മാവനായ ഓച്ചിറ പ്രയാർ കോട്ടാങ്കാട്ടിൽ കുട്ടീശ്വരൻ ആശാനും സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ വിദഗ്ധനായിരുന്നു. സംഗീതനാടകത്തിലെ തമിഴ്സ്വാധീനത്തിന് മാറ്റമുണ്ടാക്കി ശുദ്ധമലയാള ഭാഷ ഉപയോഗിച്ചത് സ്വാമി ബ്രഹ്മവ്രതൻ‘കരുണ’ എന്ന നാടകത്തിലായിരുന്നു. മഹത്തായ സന്ദേശം ഉൾക്കൊണ്ട ഒരുത്തമ കലാസൃഷ്ടിയായിരുന്നു കരുണ.

തമിഴ് നാടകത്തിൻ്റെ സ്വാധീനത്തിൽനിന്ന് മലയാള നാടകത്തെ മോചിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ആളായിരുന്നു അക്ബർ ശങ്കരപ്പിള്ള. നടന്മാരായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതരും മുതുകുളം രാഘവൻപിള്ളയും മുൻഷി പരമുപിള്ളയും മലയാള നാടകവേദിക്കു നൽകിയ സംഭാവന മഹത്തായതാണ്. കൂടാതെ, ഓച്ചിറ ശങ്കരൻകുട്ടി നായരും ഇ വി കൃഷ്ണപിള്ളയുടെ ‘തിലോത്തമ’യുമായിരുന്നു ശങ്കരൻകുട്ടിനായരെ പ്രസിദ്ധനാക്കിയത്. മുൻഷി പരമുപിള്ളയുടെ‘സുപ്രഭ’ എന്ന നാടകത്തിലെ വേഷം അനശ്വരമാക്കിയതോടെ സുപ്രഭ ശങ്കരൻകുട്ടി എന്ന് അറിയപ്പെടാൻ തുടങ്ങി. ആധുനിക നാടകപ്രസ്ഥാനത്തിന് തുടക്കംകുറിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. പാശ്ചാത്യ ഗദ്യനാടകങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ട പ്രഹസനങ്ങളിലൂടെ സി വി രാമൻപിള്ള സാമൂഹ്യ അസമത്വങ്ങളെ നിശിതമായി വിമർശനത്തിന് വിധേയമാക്കി. പെണ്ണരശുനാട്, ബി എ മായാവതി,കുറുപ്പിന്റെ ഡയറി എന്നീ പ്രഹസനങ്ങളിലൂടെ ഇ വി കൃഷ്ണപിള്ളയും സി വിയുടെ പാത പിന്തുടർന്നു. ചരിത്രനാടകങ്ങൾക്ക് തുടക്കം കുറിച്ചത് ഇ വി യുടെ സീതാലക്ഷ്മിയിലൂടെയാണ്. ശ്രീകണ്ഠൻനായരുടെ നാടകത്രയമായ കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം എന്നിവ രാമായണത്തെ ആസ്പദമാക്കി രചിച്ചവയാണ്. സി എന്നിന്റെ കാഞ്ചനസീതയ്ക്ക് സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.

പൂക്കാലം വഴി തുറന്നു. എനിക്ക് അഭിനയിക്കണം; കെ പി എ സി ലീല

പുളിമാന പരമേശ്വരൻപിള്ളയുടെ ‘സമത്വവാദി’ എന്ന നാടകമാണ് ആധുനിക നാടകരീതിക്ക് വഴിത്തിരിവായത്. കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂ ണിസ്റ്റാക്കി എന്ന നാടകത്തിൻ്റെ ആദ്യ പ്രദർശനം 1952 ഡിസംബർ ആറിന് ചവറ സുദർശന ടാക്കീസിലാണ് നടത്തിയത്. കെടാകുളങ്ങര വാസുപിള്ളയുടെ വീട്ടിലാണ് റിഹേഴ്‌സൽ നടത്തിയത്. അന്ന് തോപ്പിൽ ഭാസി ഒളിവിലായിരുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലൂടെ പ്രശസ്തി നേടിയ ആദ്യകാല നടന്മാരായ കാമ്പിശ്ശേരി കരുണാകരൻ, കെ എസ് ജോർജ്, സുധർമ, സുലോചന, ഒ മാധവൻ, രാജഗോപാലൻനായർ, ശ്രീധരൻപിള്ള, തോപ്പിൽ കൃഷ്ണപിള്ള, ഭാർഗവിയമ്മ, ഭാസ്കരപ്പണിക്കർ എന്നിവർ കൊല്ലത്തിന്റെ സന്തതികളാണ്. ഓച്ചിറ,കരുനാഗപ്പള്ളി,തേവലക്കര,ചവറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിരവധി നാടകസമിതികളുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments