25.8 C
Kollam
Wednesday, September 18, 2024
HomeRegionalCulturalഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം

ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം

1905 ഒക്ടോബറിൽ മേമന വള്ളിക്കോട്ടു വീട്ടിൽ ജനനം.മൂന്നു പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ സ്ത്രീവേഷത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് പുതിയ അർഥതലങ്ങൾ നൽകിയ കലാകാരൻ. എറണാകുളത്തെ റോയൽ സിനിമ ആൻഡ് ഡ്രാമാറ്റിക് കമ്പനിയിലൂടെയാണ് വേലുക്കുട്ടി അഭിനയ രംഗത്തെത്തിയത്.

മഹാകവി കുമാരനാശാന്റെ ‘കരുണ’ സ്വാമി ബ്രഹ്മവ്രതൻ നാടകമാക്കിയപ്പോൾ അതിൽ വാസവദത്തയെ അവതരിപ്പിച്ച് ശിവപ്രസാദ് വേലുക്കുട്ടി എന്ന ഓച്ചിറ വേലുക്കുട്ടി അരങ്ങത്ത് ചിരപ്രതിഷ്ഠ നേടി. ഇങ്ങനെ അഭിനയത്തിന് ‘അഭിനയകുശലൻ’ പുരസ്കാരം ലഭിച്ചു. മദാലസയായ വാസവദത്തയെ കണ്ടുമോഹിച്ച് എത്ര പണം കൊടുത്തും സ്വന്തമാക്കാനായി ഒരു ധനികൻ നാടകത്തിൻറെ നടത്തിപ്പുകാരെ സമീപിച്ചതും വേലുക്കുട്ടി നടിയല്ല, നടനാണെന്നറിഞ്ഞ് ഇളിഭ്യനായി മടങ്ങിയതും പഴങ്കഥ.

നാടകനടനായിരുന്ന അമ്മാവൻ കുട്ടീശ്വരനാണ് വേലുക്കുട്ടിയിലെ പ്രതിഭയെ കണ്ടെത്തിയത്. അദ്ദേഹത്തിൻ്റെ നാടകത്തിൽ ബാലനടനായാണ് വേലുകുട്ടി അരങ്ങേറ്റം കുറിച്ചത്. ആലപ്പുഴ ചെറിയാൻ മാസ്റ്ററുടെ ജ്ഞാനസുന്ദരി എന്ന നാടകത്തിലെ നായകവേഷം വേലുക്കുട്ടിക്ക് വഴിത്തിരിവായി. ജ്ഞാനസുന്ദരിയുടെ വമ്പിച്ച വിജയത്തിനു ശേഷം അനേകം സ്ത്രീവേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. തുടർന്ന് വേലുക്കുട്ടിയും സുഹൃത്തായ കുഴിയിൽ നാരായണ പിള്ളയും ചേർന്ന് ‘ഓച്ചിറ പരബ്രഹ്മോദയം നടന സഭ’ എന്ന നാടകക്കമ്പനി രൂപീകരിച്ചു.

കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം

‘കോവിലൻ’, ‘ഗുലൈബക്കാവലി’, ‘അല്ലിറാണി’, ‘ഹരിശ്ചന്ദ്രൻ’, ‘സത്യവാൻ സാവിത്രി’ തുടങ്ങിയവ ‘ യായിരുന്നു ആദ്യകാല നാടകങ്ങൾ. ഇതിലെല്ലാം സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചത് വേലുക്കുട്ടിയായിരുന്നു. ഇ വി കൃഷ്ണപിള്ളയുടെ തിലോത്തമ എന്ന നാടകത്തിൽ തിലോത്തമയെ അനശ്വരമാക്കിയ വേലുക്കുട്ടിയുടെ അഭിനയപാടവം കണ്ട് തിരുവിതാംകൂർ മഹാരാജാവ് അദ്ദേഹത്തിന് സ്വർണ മെഡലും സമ്മാനങ്ങളും നൽകി ആദരിച്ചു. മലയാള നാടകചരിത്രത്തിൽ സ്വർണലിപികളാൽ തന്റെ പേര് കുറിച്ചിട്ട വേലുക്കുട്ടി 1954ൽ നിര്യാതനായി.

- Advertisment -

Most Popular

- Advertisement -

Recent Comments