ഉണ്ണി മുകുന്ദൻ അഭിനയിച്ച ആദ്യ സിനിമ “സീഡൻ” എന്ന തമിഴ് ചിത്രമാണ്. പിന്നീട്, മല്ലു സിങ്ങിലൂടെ മലയാളത്തിൽ എത്തി.പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായകനായി. ഇപ്പോൾ നിർമാതാവിന്റെ മേലങ്കിയുമായി ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മാർക്കോയാണ്. മലയാളത്തിലെ മോസ്റ്റ് വയലന്റ് സിനിമ എന്ന ലേബലോടെ എത്തിയ മാർക്കോ ഗംഭീര പ്രതികരണം നേടിയായിരുന്നു തിയറ്ററുകളിൽ മുന്നേറിയത്. നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് മാർക്കോ.
ഈ അവസരത്തിൽ പുതിയൊരു നാഴിക കല്ലുകൂടി കടന്നിരിക്കുകയാണ് മാർക്കോ. തിയറ്ററുകളിൽ അൻപത് ദിവസങ്ങളാണ് ഉണ്ണി മുകുന്ദൻ ചിത്രം ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. ഈ സന്തോഷം പങ്കിട്ട് പുതിയ പോസ്റ്ററും ഉണ്ണി മുകുന്ദൻ പുറത്തിറക്കിയിരുന്നു. ബോക്സ് ഓഫീസിൽ 115 കോടിയോളം രൂപയാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഒഫീഷ്യൽ കളക്ഷൻ വിവരമാണിത്.
അതേസമയം, കഴിഞ്ഞ വർഷത്തെ ആറാമത്തെ നൂറ് കോടി ക്ലബ്ബ് സിനിമയാണ് മാർക്കോ. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, അജയന്റെ രണ്ടാം മോഷണം തുടങ്ങിയവരാണ് മർക്കോയ്ക്ക് മുൻപ് 2024ൽ 100 കോടി നേടിയ സിനിമകൾ. ഇതുവരെയുള്ള മോളിവുഡിലെ 100 കോടി ക്ലബ്ബുകളിൽ ഒൻപതാം സ്ഥാനത്താണ് മാർക്കോ. മഞ്ഞുമ്മൽ ബോയ്സ്, 2018, പുലിമുരുകൻ, ലൂസിഫർ, പ്രേമലു, ആടുജീവിതം, ആവേശം, എആർഎം എന്നിവയാണ് മറ്റ് സിനിമകൾ. മാര്‍ക്കോ ഫെബ്രുവരി 14ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. നിഖില വിമൽ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, സുരഭി ലക്ഷ്മി, മുത്തുമണി, ഗംഗ മീര തുടങ്ങിയവരാണ് അഭിനേതാക്കൾ.
![](https://samanwayam.com/wp-content/uploads/2021/11/logo.png)