27.2 C
Kollam
Saturday, February 15, 2025
HomeEntertainmentMoviesകൊല്ലവും സിനിമയും ലോക ശ്രദ്ധയും; അച്ചാണി രവിയെന്ന രവീന്ദ്രനാഥൻ നായരുടെ മികവാർന്ന സംഭാവന

കൊല്ലവും സിനിമയും ലോക ശ്രദ്ധയും; അച്ചാണി രവിയെന്ന രവീന്ദ്രനാഥൻ നായരുടെ മികവാർന്ന സംഭാവന

മലയാളസിനിമയെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ രവീന്ദ്രനാഥൻ നായർ നൽകിയ സംഭാവന ഏറെ വലുതാണ്.ഒപ്പം ജി അരവിന്ദനെയും അടൂർ ഗോപാലകൃഷ്ണനെയും ലോക ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെയാണ്.

വ്യവസായരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവെച്ച് നേട്ടങ്ങൾ കൊയ്തിരുന്ന രവീന്ദ്രനാഥൻ നായർ സാമ്പത്തികലാഭം കണക്കാക്കിയായിരുന്നില്ല സിനിമാരംഗത്തേക്ക് കടന്നുവന്നത്.

ഒരുകാലത്ത് മലയാളസിനിമയെ ചേർത്തുവെച്ച നഗരമായിരുന്നു കൊല്ലം. സിനിമാ വ്യവസായത്തിന് തഴച്ചുവളരാൻ വളക്കുറുള്ള മണ്ണ്. എന്നാൽ, കഴിഞ്ഞ ചില ദശകങ്ങളായി കൊല്ലം സിനിമ അത്രയ്ക്ക് ശബ്ദായമാനമല്ല. സിനിമ കൊല്ലം കടന്നുപോയിരിക്കുന്നു. സിനിമക്കാരും.

കൊല്ലത്തിന്റെ സിനിമയെ പ്രസിദ്ധിയിലേക്കും അംഗീകാരങ്ങളിലേക്കും കൊണ്ടുപോയത് കശുവണ്ടി വ്യവസായിയായ അച്ചാണി രവിയെന്ന് പിന്നീട് അറിയപ്പെട്ട കെ രവീന്ദ്രനാഥൻനായരാണ്. വ്യവസാ യരംഗത്ത് അന്തസ്സുള്ള പ്രവർത്തനം കാഴ്ചവച്ച് നേട്ടങ്ങൾ കൊയ്തിരുന്ന അദ്ദേഹം സാമ്പത്തികലാഭം കണക്കാക്കിയായിരുന്നില്ല സിനിമാരംഗത്തേക്ക് കടന്നുവന്നത്. കാഞ്ചനസീത, തമ്പ്, പോക്കുവെയിൽ, എലിപ്പത്തായം, വിധേയൻ തുടങ്ങിയ മലയാളത്തിൻ്റെ എക്കാലത്തെയും ചില പ്രിയ ചിത്രങ്ങൾക്ക് സാമ്പത്തിക അടിത്തറ നൽകിയത് ഈ കൊല്ലക്കാരനായിരുന്നു. നല്ല സിനിമയെ സ്വപ്നം കാണുന്ന ഒരുപാട് സംവിധായകർക്കും ആസ്വാദകർക്കും അച്ചാണി രവിയുടെ ജനറൽ പിക്ചേഴ്സ് ആശ്വാസമായിരുന്നു.

ജനറൽ പിക്‌ചേഴ്‌സിൻ്റെ ആദ്യ ചിത്രം 1967ൽ ഇറങ്ങിയ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ ആണ്. സത്യനും മധുവും തിക്കുറിശ്ശിയും അടൂർഭാസിയും പി ജെ ആന്റണിയും കെ ആർ വിജയയും വിജയനിർമലയും അഭിനയിച്ച ഈ ചിത്രം പി ഭാസ്കരനായിരുന്നു സംവിധാനം ചെയ്തത്. വിജയമായ ഈ ചിത്രമാണ് ‘ലക്ഷപ്രഭു’ എന്ന അടുത്ത ചിത്രത്തിനു കാരണമായത്. ശ്രദ്ധയേറെ കിട്ടാതെപോയ ഈ ചിത്രത്തിനു ശേഷം ‘കാട്ടുകുരങ്ങ് ‘പി ഭാസ്കരനുമായി ചേർന്ന് പുറത്തിറക്കി. താൽക്കാലികാശ്വാസം മാത്രം നൽകുന്ന ഒരു ചിത്രം മാത്രമായിരുന്നു ഇത്. ‘അച്ചാണി’ ജനറൽ പിക്ചേഴ്സിൽനിന്ന് 1973ലാണ് പുറത്തിറങ്ങുന്നത്.

പി ഭാസ്കരൻ ഒരു തമിഴ്‌കഥയെ ഉപജീവിച്ച് സംവിധാനം ചെയ്ത ചിത്രം സാമ്പത്തിക വിജയം കൊയ്തു. കെ രവീന്ദ്രനാഥൻനായരെ ഈ ചിത്രം ‘അച്ചാണി രവി’യാക്കി മാറ്റി. കൊല്ലത്തിന്റെ മഹത്തായ പബ്ലിക് ലൈബ്രറി രൂപപ്പെടാൻ കാരണമായതും ഈ ചിത്രത്തിന്റെ വിജയംതന്നെ.

1978ൽ പുറത്തിറങ്ങിയ കാഞ്ചനസീതയായിരുന്നു അടുത്ത ചിത്രം. മലയാളസിനിമയെ പുതിയ മാനങ്ങളിലേക്ക് നയിച്ച ഈ ചിത്രം വളരെയേറെ പ്രശംസ നേടി. ഇതേ വർഷംതന്നെ റിലീസ് ചെയ്ത ‘തമ്പ്’ തീർത്തും പരാജയം തന്നെയായിരുന്നു. എന്നാൽ, അരവിന്ദനെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡിന് അർഹനാക്കി. ഷാജി എൻ കരുണിന്റെ ക്യാമറയ്ക്കും ദേശീയാംഗീകാരം ലഭിച്ചു. 1979ൽ സംസ്ഥാന അവാർഡും തമ്പിനെ തേടിയെത്തി. തമ്പിനു ശേഷം നിർമിച്ച ‘കുമ്മാട്ടി’യും ‘എസ്തപ്പാനും’ ശ്രദ്ധനേടിയ
ചിത്രങ്ങളായിരുന്നു. ദേശീയ- അന്തർദേശീയ ശ്രദ്ധ നേടിയ ‘പോക്കുവെയിൽ’ 1981 ലാണ് ജനറൽ പിക്‌ചേഴ്‌സിൽനിന്ന് റിലീസാകുന്നത്. സ്വയംവരത്തിനും കൊടിയേറ്റത്തിനും ശേഷം ജനറൽ പിക്ച്ചേഴ്സിനു വേണ്ടി അടൂർ ഗോപാലകൃഷ്ണൻ ചെയ്ത ആദ്യ ചിത്രമാണ് ‘എലിപ്പത്തായം’.

കൊല്ലത്തിന്റെ പല പ്രദേശങ്ങളിലുമായിരുന്നു എലിപ്പത്തായത്തിൻ്റെ ഷൂട്ടിംഗ്.അടൂരിന്റെ മറ്റൊരു വിജയകരമായ സംരംഭം ആയിരുന്നു ഇത്.

നിർമാല്യത്തിലൂടെ ദേശീയാംഗീകാരം നേടിയതിനു ശേഷം എംടിയുടെ അടുത്ത സംവിധാന ചിത്രമായിരുന്നു മഞ്ഞ് (1983). ജനറൽപിക്‌ചേഴ്‌സ് പുറത്തിറക്കിയ ഈ ചിത്രം തീർത്തും പരാജയമായിരുന്നു. പിന്നീട് ഇറങ്ങിയ മുഖാമുഖം (1984), അനന്തരം (1987), മതിലുകൾ (1990), വിധേയൻ (1994) തുടങ്ങിയ ചിത്രങ്ങൾ ജനറൽ പിക്‌ചേഴ്‌സിനെ മലയാളസിനി മയിൽ തലയെടുപ്പോടെ നിൽക്കാൻ കാരണമാക്കി.

മുഖാമുഖവും മതിലുകളും അടൂരിന് രണ്ടു തവണ ദേശീയ അവാർഡ് സമ്മാനിച്ചു. മമ്മൂട്ടി എന്ന നടനെ ഇന്ത്യയിലെ മികച്ച നടനാക്കിയതും ജനറൽപിക്ചേഴ്‌സിൻ്റെ മതിലുകളാണ്.

മലയാളസിനിമയിലേക്ക് കൊല്ലത്തിൻ്റെ കവാടം കുറച്ചുകൂടി തുറന്നിട്ടത് അച്ചാണി രവിയാണ്. എന്നാൽ, കൊല്ലത്തിന്റെ സിനിമാനിർമാണ ചരിത്രം ആരംഭിക്കുന്നത് രവിയിലൂടെയല്ല.

കൊല്ലത്തെ ആദ്യത്തെ നിർമാതാവ് രാജു എം മാത്തനാണ്. 1964 ഏപ്രിലിൽ തിയേറ്ററിൽ എത്തിയ തങ്കം മൂവീസിന്റെ മണവാട്ടിയാണ് ആദ്യചിത്രം.

തന്റെ ഭാര്യ അശ്വതിയുടെ കഥയെ ആസ്പദമാക്കിയുള്ള തിരക്കഥ സംവിധാനം ചെയ്തത് കെ എസ് സേതുമാധവനായിരുന്നു. സത്യനും രാഗിണിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വയലാർ-ദേവരാജൻ ടീമിന്റേതായിരുന്നു ഗാനങ്ങൾ. തങ്കം മൂവീസിൻ്റെ രണ്ടാമത്തെ ചിത്രം അടുത്തവർഷം തന്നെ പുറത്തിറങ്ങി- ‘കാത്തിരുന്ന നിക്കാഹ്’. എം കൃഷ്ണൻനായരായിരുന്നു സംവിധായകൻ. മൂന്നാമത്തെ ചിത്രം കല്യാണരാത്രിയിൽ (1966). പ്രേംനസീർ, വിജയനിർമല തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേംനസീറും ഷീലയും പ്രധാന റോളിൽ അഭിനയിച്ച അനാച്ഛാദനമായിരുന്നു നാലാമത്തെ ചിത്രം. രണ്ടു ചിത്രത്തിലെയും ഗാനങ്ങൾ കൈകാര്യം ചെയ്തത് വയലാർ- ദേവരാജൻ ടീമായിരുന്നു. സംവിധാനം എം കൃഷ്ണൻനായരും. ഈ ചിത്രങ്ങളോടുകൂടി രാജു എം മാത്തൻ മലയാള സിനിമാജീവിതത്തോടു വിടപറഞ്ഞു.

ചേട്ടത്തി (1961)അടക്കം രണ്ടു ചിത്രം ടി എ തങ്ങൾ എന്ന കുന്നിക്കോട്ടുകാരനായ മജീഷ്യൻ പുറത്തിറക്കി. കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത തോക്കുകൾ കഥ പറയുന്നു (1968) എം ഒ ജോസഫും കൊട്ടിയത്തെ എൻ വി ജോസഫും കൂടി രൂപം നൽകിയ നവജീവൻ ഫിലിംസിൻ്റെ ആദ്യ നിർമാണ സംരംഭമായിരുന്നു. പിന്നീട് ബൽത്താസറിനെ കുട്ടിച്ചേർത്തു. 1968ൽ നവജീവൻ ഫിലിംസ് നിർമിച്ച ചിത്രമാണ് വെളുത്ത കത്രീന. ശശികുമാറിൻ്റേതായിരുന്നു സംവിധാനം. പിന്നീട് നവജീവൻ ഫിലിംസിൽ ബാൽത്താസർ മാത്രമായി. പിന്നീട് ഇറങ്ങിയ ചിത്രങ്ങളാണ് ചിത്രശലഭങ്ങൾ പറന്നോട്ടെ, നാടൻപെണ്ണ് തുടങ്ങിയവ.

എം ടിയുടെ അസുരവിത്തിനെ 1966ൽ മലയാളരാജ്യം എഡിറ്ററായിരുന്ന മാധവൻകുട്ടി സരോജ് പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ചു. പ്രേംനസീറും ശാരദയും അഭിനയിച്ച ചിത്രം വളരെ മികച്ചതായിരുന്നുവെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. എ വിൻസന്റായിരുന്നു സംവിധാനം. സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു സംവിധായകനുണ്ടായിരുന്നു കൊല്ലത്ത്- എ എൻ തമ്പി. അദ്ദേഹം സംവിധാനം ചെയ്ത് പ്രഭാകരൻനായരുമായി ചേർന്നു നിർമിച്ച നിശാഗന്ധി തീർത്തും പരാജയമായ ചിത്രമായിരുന്നു. മാസപ്പടി മാതുപിള്ള എന്ന ഹാസ്യചിത്രവും പാദസരം എന്ന കലാമേന്മയുള്ള ചിത്രവും ചെയ്തുവെങ്കിലും രണ്ടും പരാജയത്തിന്റെ കൈപ്പറിയിച്ച സംരംഭങ്ങളായിരുന്നു. പിന്നീട് 1981ൽ സ്വരങ്ങൾ സ്വപ്നങ്ങൾ എന്ന ഒരു ചിത്രം കൂടി ചെയ്തു. അതും പരാജയമായിരുന്നു.

ഏറെ സിനിമാ മോഹികളെക്കൊണ്ട് സമ്പന്നമായിരുന്നു കൊല്ലം. മോഹം മാത്രമല്ലായിരുന്നു വിഫലമായ ശ്രമങ്ങളും പരാജയങ്ങളും വിജയങ്ങളും എന്നുവേണ്ട എല്ലാ സുഖദുഃഖങ്ങളും സിനിമ സമ്മാനിച്ചു. അക്കൂട്ടത്തിൽ പ്രമുഖനാണ് എസ് കെ നായർ.1972ലാണ് ന്യൂ ഇന്ത്യ ഫിലിംസിൻ്റെ ബാനറിൽ സിനിമാനിർമാണം ആരംഭിച്ചത്. പി എൻ മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തി എല്ലാ ഘടനയിലും ഒരു പൂർണ ചിത്രമായിരുന്നു.

എന്നാൽ, ചെമ്പരത്തിക്കും ശേഷം വന്ന ചിത്രങ്ങൾ ന്യൂ ഇന്ത്യ ഫിലിംസിൻ്റെ പതനത്തിനു കാരണമായി. ‘ചായം’ ശരാശരി വിജയം മാത്രമായപ്പോൾ മഴക്കാറുകൾ, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നിവ പൂർണ പരാജയമായിരുന്നു. ന്യൂ ഇന്ത്യ ഫിലിംസ് എന്ന കമ്പനി അവിടെ ഒടുങ്ങി.

ബാലചന്ദ്രമേനോൻ എന്ന സംവിധായകൻ അരങ്ങേറിയചിത്രമായിരുന്നു ഉത്രാടരാത്രി. ചവറ ശങ്കരമംഗലത്തെ ശശി നിർമിച്ച ഈ ചിത്രം പൂർണ പരാജയമായിരുന്നു. 1978ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ നഷ്ടത്തിൽ നിന്ന് കരകയറാൻ അരിക്കാരി അമ്മു എന്ന ചിത്രം കൂടി എടുത്തു. കനത്ത പ്രഹരമല്ലാതെ മറ്റൊന്നും കിട്ടിയില്ല. ജീവിതമാർഗത്തിനായി വേറെ വഴികൾ തന്നെ തേടേണ്ടിവന്നു അദ്ദേഹത്തിന്.

എൽ എൻ പോറ്റി നിർമിച്ച ചിത്രവും തീർത്തും പരാജയമായിരുന്നു. എൻ ശങ്കരൻനായർ സംവിധാനം ചെയ്ത വീരഭദ്രൻ എന്ന ചിത്രം അദ്ദേഹത്തിലെ സിനിമാ മോഹിയെ മുളയിലേ നുള്ളി.

പിന്നെയും ശ്രമങ്ങൾ ഏറെ ഉണ്ടായിക്കൊണ്ടയിരുന്നു. പ്രസിദ്ധീകരണരംഗത്ത് പ്രവർത്തിച്ചിരുന്ന ആർ കൃഷ്ണസ്വാമി റെഡ്യാരും ചലച്ചിത്ര ശ്രമങ്ങൾ നടത്തി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത കലിക ശരാശരി വിജയം മാത്രം നേടി. അതിനുശേഷം നട്ടുച്ചയ്ക്ക് ഇരുട്ട്, താളം മനസ്സിൻ്റെ താളം, ബലൂൺ തുടങ്ങിയവ നിർമിച്ചെങ്കിലും തീർത്തും പരാജയപ്പെട്ടു. ഇതോടുകൂടി കൃഷ്ണസ്വാമി റെഡ്യാർക്ക് തന്റെ സിനിമാമോഹം അവസാനിപ്പിക്കേണ്ടിവന്നു.

സാമ്പത്തികവിജയം എന്ന ലക്ഷ്യത്തോടെ റമീസ് ഹോട്ടലിന്റെ ഉടമയായ ഷെരീഫ് നിർമിച്ച താരാട്ട് എന്ന ചിത്രം ശരാശരി വിജയം മാത്രമായിരുന്നു. ബാലചന്ദ്രമേനോൻ ആയിരുന്നു സംവിധാനം. പിന്നീട് രണ്ടു ചിത്രം കൂടി അദ്ദേഹം നിർമിച്ചു. പക്ഷേ, അതോടെ ആ ശ്രമവും അവസാനിപ്പിച്ചു.

കൊല്ലത്തിന്റെ സ്വന്തം മഹാശബ്ദമായിരുന്ന സാംബശിവനും സിനിമാശ്രമം നടത്തി. അദ്ദേഹം തന്നെ നിർമിച്ച് നായകനായി അഭിനയിച്ച എം എൻ ശ്രീധരൻ സംവിധാനംചെയ്ത പല്ലാങ്കുഴി എന്ന ചിത്രം പൂർണ്ണ പരാജയമായി.

അനുരാഗം സംവിധാനം ചെയ്ത വി എസ് നായർ ചാണക്യസൂത്രങ്ങൾ നിർമിച്ച കാർട്ടൂണിസ്റ്റ് സോമനാഥൻ, ബോക്സർ അടക്കമുള്ള ചിത്രങ്ങൾ സൃഷ്ടിച്ച ബൈജു കൊട്ടാരക്കര തുടങ്ങിയവർ പരാജയത്തിൻ്റെ തീഷ്ണത വളരെ അടുത്തറിഞ്ഞവരാണ്.

രമണി കാഷ്യൂസിൻ്റെ ഉടമ ചെല്ലപ്പൻപിള്ളയും പി സ്റ്റാൻലിയും സിയാവുദീൻ മുസലിയാരുമൊക്കെ പൂർത്തീകരിക്കാൻ പറ്റാതെ പോയ സിനിമാ സ്വപ്നങ്ങളടെ ഭാഗമായി അറിയപ്പെടാതെ മൺമറഞ്ഞുപോയി.

ഇന്ന് കൊല്ലത്തുനിന്ന് സിനിമാശ്രമങ്ങൾ ഏറെ കുറഞ്ഞിരിക്കുന്നു. അൻവർ റഷിദും അമൽ നീരദും ഇന്നത്തെ മലയാള സിനിമാ നിർമാണത്തിലും സംവിധാനത്തിലും എഴുതിച്ചേർക്കപ്പെട്ട പേരുകളാണ്. മിക്ക സിനിമകളും വിജയമാണ്. ദേശീയ- സംസ്ഥാന അംഗീ കാരങ്ങൾ കൊല്ലത്തേക്ക് എത്തിച്ച ഒരു നിർമാതാവ്കുടിയുണ്ട്-അനിൽ അമ്പലക്കര. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ കലയ്ക്ക് ഏറെ പ്രാധാന്യം നൽകി നിർമിക്കുച്ച ചിത്രങ്ങൾ ദേശീയ -അന്തർദേ ശീയ-തലങ്ങളിൽശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.നവൽ എന്ന ജുവൽ-അടക്കമുള്ള സിനിമാശ്രമങ്ങൾ നടത്തുന്ന വ്യവസായി കൂടിയായ സംവിധാന-നിർമാതാവ് രഞ്ജിലാൽ പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിലൂടെ ടിനു പാപ്പച്ചനും കടന്നുവന്നിരിക്കുന്നു. സിനിമാ പരാജയഭീതി ഒരു നിർമാതാവിന്റെ ജീവൻതന്നെ അപഹരിച്ചു. തിരുമുല്ലവാരം സ്വദേശിയായ അജയ് കൃഷ്ണന്റെ.

ഇന്ന് കൊല്ലത്ത് നിർമിക്കുന്ന ചിത്രങ്ങളുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ചുരുക്കം ചില ചിത്രങ്ങൾക്കു മാത്രം ലൊക്കേഷനായി കൊല്ലത്തിന്റെ കാഴ്ചകൾ ഇന്ന് തിരശ്ശീലയിൽ കടന്നുവരുന്നു.

നീണ്ട വർഷങ്ങൾക്ക് ശേഷം ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കി സിനിമയാക്കിയ പൊൻMan എന്ന ചിത്രം മൊത്തം ചിത്രീകരിച്ചത് കൊല്ലത്തിൻ്റെ വിവിധ പ്രദേശങ്ങളിലാണ്.

അതിൽ പ്രധാന ലൊക്കേഷൻ മൺട്രോത്തുരുത്തിൻ്റെ ദൃശ്യഭംഗിയിലുള്ള പ്രദേശങ്ങളയിരുന്നു. ചിത്രം കൂടുതൽ ജനശ്രദ്ധ നേടുകയും വിജയപ്രദവുമായിരുന്നു. കഥാപാത്രങ്ങളായി വേഷമിട്ട മിക്കവരും പുതുമുഖങ്ങളായിരുന്നു എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത.

- Advertisment -

Most Popular

- Advertisement -

Recent Comments