പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോൺഗ്രസ് നേതാവ് സഫീർ എന്നിവർ കീഴടങ്ങി. പ്രതികൾ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഇവരെ പിടികൂടാനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ ഇരിക്കെ നാടകീയമായി പ്രതികൾ കീഴടങ്ങുകയായിരുന്നു. പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ പ്രണവ് രണ്ടാം പ്രതിയും സഫീർ നാലാം പ്രതിയുമാണ്. കേസിലെ ആസൂത്രണത്തിൽ അടക്കം മുന്നിലുണ്ടായിരുന്ന പ്രതികളെ പിടികൂടിയതോടെ പരീക്ഷാതട്ടിപ്പിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അന്വേഷണ സംഘം കരുതുന്നു.