ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പരാതിക്കാരിയും നടിയുമായ ലീന മരിയ പോളിന്റെ ഹവാല ബന്ധങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ.തച്ചങ്കരിയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ എത്തിയ അന്വേഷണ സംഘം അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഈ കൂടിക്കാഴ്ചയില്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. ഈ ഘടകങ്ങളാണ് ലീനയെക്കുറിച്ചും അവരുടെ ഹവാല ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഇടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ നല്‍കിയത് താനാണെന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും അറസ്റ്റിലായ രവി പൂജാരിയും സമ്മതിച്ചിട്ടുണ്ട്. നടി ലീന മരിയ പോള്‍ നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയാണ്. നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയാണ് അവര്‍.
അതിനിടെ,ദാവൂദ് ഇബ്രാഹിം നേതൃത്വം നല്‍കുന്ന രാജ്യാന്തര ക്രിമിനല്‍ സംഘമായ ‘ഡി കമ്പനി’യുടെ ഡബിള്‍ ഏജന്റാണ് രവി പൂജാരിയെന്ന നിഗമനം ശക്തമാകുകയാണ്. ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും വലംകയ്യുമായിരുന്ന ഛോട്ടാ രാജനാണ് കര്‍ണാടകക്കാരനായ രവി പൂജാരിയെ മുംബയ് അധോലോകത്തിലേക്ക് എത്തിക്കുന്നത്.
ദാവൂദിന്റെ വിശ്വസ്തന്‍ ഛോട്ടാ ഷക്കീലുമായുണ്ടായ പടലപ്പിണക്കം ഛോട്ടാ രാജനെ ഡി കമ്പനിയുമായി ഏറെ നാള്‍ മുമ്പ് തന്നെ തെറ്റിച്ചിരുന്നു. ഇതോടെയാണ് സ്വന്തം അധോലോക സംഘത്തിന് അദ്ദേഹം രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായാണ് രവി പൂജാരിയും കുപ്രസിദ്ധനാവുന്നത്.
ദാവൂദ് ഏര്‍പ്പെടുത്തിയ അക്രമികള്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലെത്തി ഛോട്ടാ രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതോടെ ദാവൂദിനെതിരെ കൊലവിളി നടത്തിയാണു രവി പൂജാരി അധോലോകത്തില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. എന്നാല്‍ ഇതൊരു നാടകമായിരുന്നെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നു സി.ബി.ഐ അറസ്റ്റ് ചെയ്ത ഛോട്ടാ രാജന്‍ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്.
ഓസ്‌ട്രേലിയ, സെനഗല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപ്പേരിലാണ് രവി പൂജാരി തങ്ങിയത്. ഇതിനിടയില്‍ ഡി കമ്പനിക്കെതിരെ കൊലവിളി തുടര്‍ന്ന രവി പൂജാരി ഒരിക്കല്‍ മാത്രമാണ് ഡി കമ്പനിയുമായി അടുപ്പമുള്ള ഒരാളെ ആക്രമിച്ചത്. ഛോട്ടാ ഷക്കീലിന്റെ അഭിഭാഷകനായ റഷീദ് മലബാറിയാണ് ഇത്തരത്തില്‍ രവി പൂജാരിയുടെ ആക്രമണത്തിന് ഇരയായത്.
അതേസമയം, ഛോട്ടാ രാജനുമായി അകന്നിട്ടും ഡി കമ്പനി രവി പൂജാരിയുമായി രഹസ്യബന്ധം തുടര്‍ന്നതിനുള്ള തെളിവുകളും ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.
